തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷൻ അഞ്ചാം സൈക്കിളിൽ എ ++ ഗ്രേഡ് നേടി. 3.56 ഗ്രേഡ് പോയിന്റ് ശരാശരിയോടെയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. അഞ്ചാം സൈക്കിളിൽ എ ++ ഗ്രേഡ് നേടുന്ന കേരളാ യൂണിവേഴ്സിറ്റിയിലെ ആദ്യ സ്വയം ഭരണ കോളജാണ് മാർ ഇവാനിയോസ് കോളജ്. കേരള സർവകലാശാലയിൽ അഞ്ചാം സൈക്കിൾ അക്രെഡിറ്റേഷനിലെത്തുന്ന ആദ്യ കോളജെന്ന പദവിയും ഇവാനിയോസിനുണ്ട്.
ജൂൺ 23, 24 തിയതികളിലായിരുന്നു നാക് വിദഗ്ധ സംഘം കോളജിലെത്തി അവസാനഘട്ട പരിശോധന പൂർത്തിയാക്കിയത്. 2019 ലെ നാലാം സൈക്കിൾ നാക് അക്രഡിറ്റേഷനിൽ കോളജ് എ+ ഗ്രേഡ് നേടിയിരുന്നു. 1999 ലെ ആദ്യ നാക് അക്രെഡിറ്റേഷന് ശേഷം കോളജ് ക്രമമായി നില മെച്ചപ്പെടുത്തി.
ദേശീയ തലത്തിലുള്ള എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ മാർ ഇവാനിയോസ് കോളജിന് ഇപ്പോൾ 45ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ആറ് വർഷമായി ആദ്യ 50 റാങ്കിൽ ഇടം പിടിക്കാൻ കഴിഞ്ഞ കോളജെന്ന നേട്ടവും ഇവാനിയോസ് കരസ്ഥമാക്കിയിരുന്നു.
പാഠ്യ പദ്ധതി, ബോധനരീതി, ഗവേഷണം, അടിസ്ഥാന സൗകര്യം, വിദ്യാർഥികളുടെ പഠന പുരോഗതി, കോളജ് നടത്തിപ്പ്, അനുകരണീയ മാതൃകകൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി സ്ഥാപനത്തിന്റെ പ്രകടനം ഓരോ വർഷവും വിലയിരുത്തിയാണ് ഏഴ് പോയിന്റ് സ്കെയിലിൽ ഗ്രേഡ് നിർണയിക്കുന്നത്. മൂവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഇവാനിയോസിലെ 64 ശതമാനവും പെൺകുട്ടികളാണ്. 2014 ൽ കേരളത്തിൽ ആദ്യമായി സ്വയംഭരണാനുമതി ലഭിച്ച കോളജുകളിലൊന്നാണ് മാർ ഇവാനിയോസ് കോളജ്. ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.