തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ വാടക വീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ മന്ത്രിസഭാ ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍ ഓണ്‍ലൈന്‍ ആയിട്ടാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് സ്ഥലം കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ക്യാമ്പുകളില്‍ പൊലീസ് നിരീക്ഷണം ഉറപ്പാക്കണം.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് മോറട്ടോറിയം നല്‍കണമെന്ന് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇരകളെ ബുദ്ധിമുട്ടിക്കരുത്. വായ്പയും പലിശയും ഇപ്പോള്‍ തിരിച്ചു ചോദിക്കരുതെന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ദുരന്തബാധിത മേഖലയില്‍ തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച് സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിലപാട്. മന്ത്രി സഭാ ഉപസമിതി വയനാട്ടില്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.