ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ വെറും 100 ഗ്രാമിന്റെ പേരില്‍ അയോഗ്യ ആക്കപ്പെട്ടത് രാജ്യത്തിന് കനത്ത വേദനയായി. 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് ഫൈനലിന് തൊട്ടുമുന്‍പ് നടന്ന ഭാര പരിശോധനയിലാണ് തിരിച്ചടി നേരിട്ടത്.
ഗുസ്തി താരങ്ങള്‍ക്ക് സാധാരണയായി രണ്ട് പ്രാവശ്യമാണ് ഭാര പരിശോധന നടത്തുന്നത്. ആദ്യം പ്രാഥമിക മത്സരത്തിന്റെ തുടക്കത്തിലും പിന്നീട് ഫൈനലിന്റെ അന്ന് രാവിലെയും. ഫൈനലിലെ ഭാര പരിശോധനയില്‍ നിശ്ചിത ഭാരത്തെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതോടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.
50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്സിലെ പോരാട്ടത്തിന് തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെ കീഴടക്കി.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത്. ഇന്നത്തെ ഫൈനലില്‍ അമേരിക്കയുടെ സാറ ഹില്‍ഡ് ബ്രാണ്ടുമായിട്ടായിരുന്നു മത്സരം.
വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നതോടെ വനിതാ ഗുസ്തിയില്‍ സ്വര്‍ണമോ വെള്ളിയോ ഇന്ത്യ ഉറപ്പിച്ചിരുന്നു. മെഡല്‍ നേടിയാല്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ വെള്ളിയോ സ്വര്‍ണമോ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകുമായിരുന്നു ഫോഗട്ട്.
ഗുസ്തി ഫെഡറേഷനിലെ അനീതികള്‍ക്കെതിരേ നിരന്തര പോരാട്ടം നടത്തിയ ഫോഗട്ടിന് സ്വര്‍ണ മെഡല്‍ തന്നെ നേടാനാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ ഫൈനലിന് തൊട്ടു മുന്‍പ് നടന്ന ഭാരപരിശോധനയില്‍ 50 കിലോയും 100 ഗ്രാമും ഭാരമുണ്ടെന്ന് കണ്ടെത്തിയതോടെ അമിത ഭാരത്തിന്റെ പേരില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.
അതിനിടെ വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. 'വിനേഷ്, നീ ചാമ്പ്യന്‍മാരില്‍ ചാമ്പ്യനാണ്! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാ ജനകമാണ്.
വാക്കുകളില്‍ക്കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്. വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും നിന്റെ പ്രകൃതം. കൂടുതല്‍ ശക്തയായി തിരിച്ചു വരിക... ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്'- മോഡി എക്‌സില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.