വയനാട് പുനരധിവാസ പദ്ധതി: പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ. സുധാകരന്‍

വയനാട് പുനരധിവാസ പദ്ധതി:  പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പില്‍ പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉള്‍പ്പെടുത്തി ഉന്നതതല വയനാട് പുനരധിവാസ സമിതിക്ക് രൂപം നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍, വിദ്യാര്‍ഥികള്‍, വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. കുറെ വാഗ്ദാനങ്ങള്‍ മാത്രം പോര, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതില്‍ ഒരു വിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണമെന്നും അദേഹം അഭിപ്രായപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന അവസാനത്തെ വ്യക്തിക്കും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുമ്പോള്‍ മാത്രമാണ് പുനരധിവാസ പ്രക്രിയ പൂര്‍ത്തിയാകുക. അതുകൊണ്ട് പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിത ബാധിര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി, പുനനിര്‍മ്മിക്കുന്ന വീടുകള്‍ തുടങ്ങിയവ അവര്‍ക്ക് ഉപയോഗപ്രദമായിരിക്കണം. മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക് അത്തരം അവസ്ഥ വയനാട് ദുരന്ത ബാധിര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ദുരന്ത ബാധിതരായ ഓരോ കുടുംബവും നാളിതുവരെ ജീവിച്ചു വന്നിരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും പഠിച്ച് അതനുസരിച്ചുള്ള പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുന്നതാണ് ഉചിതം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസമാകുന്ന നിയമ വശങ്ങള്‍ ലഘൂകരിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 138 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്തിമ പട്ടികയില്‍ ഈ സംഖ്യ ഇനിയും കൂടിയേക്കാം.

കണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടാകരുത്. പുനരധിവാസം സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമെന്ന മട്ടിലല്ല, മറിച്ച് ദുരിത ബാധിര്‍ക്കുള്ള അവകാശമാണെന്ന ബോധ്യത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ദുരന്ത ബാധിതര്‍ക്ക് ജീവിത വരുമാനം കണ്ടെത്താനുള്ള മാതൃകാ പദ്ധതികളും പുനരധിവാസ പാക്കേജില്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നാളിതുവരെയുള്ള സമ്പാദ്യവും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുന്‍കാല പിഴവുകള്‍ ഒരുവിധത്തിലും കടന്നു കൂടരുത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രഖ്യാപിക്കുന്ന പുനരധിവാസ പദ്ധതികള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടാതെ പൊടിപിടിച്ച രേഖകള്‍ മാത്രമാകുന്ന സഹചര്യം വയനാട് ഉണ്ടാകരുത്.

സമയബന്ധിതമായി പുനരധിവാസം നടപ്പാക്കണം. പുത്തുമല, കവളപ്പാറ, പെട്ടിമുടി എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിച്ചവരില്‍ പലര്‍ക്കും ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കിട്ടാനുണ്ടെന്നത് മറക്കരുതെന്നും കെ. സുധാകരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.