വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍: പ്രദേശത്ത് പരിശോധന തുടരുന്നു; പ്രകമ്പനം ആകാമെന്ന് വിദഗ്ധര്‍

 വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജിക് സെന്റര്‍: പ്രദേശത്ത് പരിശോധന തുടരുന്നു; പ്രകമ്പനം ആകാമെന്ന് വിദഗ്ധര്‍

കല്‍പ്പറ്റ: വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും ഭൂകമ്പ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജിക് സെന്റര്‍ അറിയിച്ചു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ ജിയോളജി വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമികുലുക്കമല്ലെന്നാണ് വിവരം. ഇതും ഭൂകമ്പ മാപിനിയില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ ഉണ്ടായതും പ്രകമ്പനമായിരിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) നേരത്തെ രംഗത്തെത്തിയിരുന്നു.

ഭൂമി കുലുക്കമുണ്ടായെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെഎസ്ഡിഎംഎ അറിയിച്ചു.വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു.

നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. വയനാട്ടിലെ മറ്റിടങ്ങളിലും മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.

നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ തങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറഞ്ഞു.

വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലാണ് പ്രകമ്പനമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.