കൂടുതല്‍ രേഖകള്‍ ഇന്ന് ഹാജരാക്കണം; വിനേഷിന്റെ അപ്പീലില്‍ വിധി ചൊവ്വാഴ്ച

കൂടുതല്‍ രേഖകള്‍ ഇന്ന് ഹാജരാക്കണം; വിനേഷിന്റെ അപ്പീലില്‍ വിധി ചൊവ്വാഴ്ച

പാരീസ്: ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ചൊവ്വാഴ്ച. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 9:30 നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക. വെള്ളി മെഡല്‍ പങ്കിടണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.

ഇന്ന് വൈകുന്നേരം ആറിന് കൂടുതല്‍ രേഖകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാന്‍ വിനേഷിനോടും എതിര്‍കക്ഷികളായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിംപിക്സ് തീരുന്നതിന് മുന്‍പ് വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീര്‍പ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. ഇതിനിടെ ഇന്നലെ രാത്രി 9:30 യോടെ വിധിയുണ്ടാവുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാന്‍ സമയം നീട്ടിച്ചോദിച്ച ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഒളിംപിക്സില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. അഞ്ച് വെങ്കല മെഡലും ഒരു വെള്ളി മെഡലുമാണ് ഇന്ത്യക്കുള്ളത്. നീരജ് ചോപ്രയ്ക്കാണ് വെള്ളി.

ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ മനു ഭാകറും സ്വപ്നില്‍ കുസാലെയും വെങ്കല മെഡല്‍ നേടി. മിക്സഡ് ഇനത്തില്‍ മനു ഭാകര്‍-സരഭ്ജോത് സിങ് സഖ്യവും വെങ്കലം ആണ് നേടിയത്. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും ഇന്ത്യ വെങ്കലം നേടി. ഗുസ്തിയിലൂടെ അമന്‍ സെഹ്റാവത്തിന്റെ വെങ്കല മെഡലോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറില്‍ അവസാനിച്ചു.

വിനേഷ് ഫോഗട്ടിന്റെ അപ്പീലിലുള്ള വിധിയോടെ മെഡല്‍ പട്ടികയുടെ പൂര്‍ണ രൂപം തെളിയും. 37 സ്വര്‍ണവുമായി ചൈനയും 35 എണ്ണവുമായി യുഎസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.