കണ്ണു തുറന്ന് കാണണം കര്‍ഷകരുടെ കണ്ണീര്‍; ചങ്കുറപ്പോടെ അണിചേരാം മണ്ണിന്റെ മക്കള്‍ക്കൊപ്പം

കണ്ണു തുറന്ന് കാണണം കര്‍ഷകരുടെ കണ്ണീര്‍;   ചങ്കുറപ്പോടെ അണിചേരാം മണ്ണിന്റെ മക്കള്‍ക്കൊപ്പം

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു സുപ്രധാനപരിഷ്‌ക്കരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. ഇതാണ് കാര്‍ഷിക ഭേദഗതി ബില്‍ എന്ന പേരിലറിയപ്പെടുന്നത്. കാര്‍ഷിക ഭേദഗതി ബില്ലില്‍ മൂന്നു ഓര്‍ഡിനന്‍സുകളാണ് പാസാക്കിയിരിക്കുന്നത്.

1. Farmers empowerment & agreement of price protection assurance & farm service bill 2020.

2. Farmers produce trade & commerce promotion & facilitation bill 2020.

3. Essential commodities amendment act 2020.

ഈ പുതിയ നിയമ ഭേദഗതികളെ ചരിത്രപരം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ചരിത്രപരമായ നീക്കം തന്നെയാണിതെന്നതില്‍ തര്‍ക്കമില്ല. കാരണം സംസ്ഥാന സര്‍ക്കാരുകളുമായോ കര്‍ഷക സംഘടനകളുമായോ വേണ്ടത്ര കൂടിയാലോചനകളൊന്നും നടത്താതെയുള്ള ഈ നിയമ ഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്ന ചരിത്രപരമായ ദുഷിച്ച നീക്കം തന്നെയാണെന്നത് വ്യക്തം.

രാജ്യത്തെവിടേയും, സ്വകാര്യ വിപണിയിലായാലും സര്‍ക്കാര്‍ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാക്കുന്ന വിധത്തില്‍ നിയമപരമായ അവകാശം ഉറപ്പുവരുത്തുക എന്നതാണു കര്‍ഷകര്‍ക്കു വേണ്ടി ചെയ്യേണ്ട പ്രധാന കാര്യം. പുതിയ നിയമ ഭേദഗതിയില്‍ അത്തരത്തില്‍ ഒരുറപ്പും നല്‍കുന്നില്ല എന്നതാണു വാസ്തവം.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ലഭ്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യങ്ങളില്‍ പ്രധാനം. പ്രാദേശികാടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കുത്തക കമ്പനികള്‍ക്ക് വില്‍പ്പന ശൃംഖല കയ്യേറാന്‍ വഴിയൊരുങ്ങും. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കാര്‍ഷിക മേഖല തീറെഴുതി നല്‍കുന്നതിനു സമാനമാണിത്.

ഇതു സംഭവിച്ചാല്‍ കര്‍ഷകന്റെ നെഞ്ചിലേല്‍ക്കുന്ന കനത്ത ആഘാതമാവും അത്. ഭാരതാംബയെ ഊട്ടിയുറക്കുന്നവര്‍ ഇന്ന് ഊണും ഉറക്കവുമില്ലാതെ തെരുവുകളില്‍ നീതി തേടി അലയുകയാണ്. കരുണ കാട്ടേണ്ടവര്‍ ഇവരുടെ കണ്ണീരു കാണാതെ പോവുന്നതു തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.

സുഹൃത്തിനെ സത്ക്കാരത്തിനു ക്ഷണിച്ചിട്ടു പൊറോട്ടയും മുട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൂട്ടുകാരാ എനിക്കു പൊറോട്ടാ വേണ്ട ചപ്പാത്തി മതി എന്നു പറയുന്ന ചങ്ങാതിയോടു ഇല്ല നീ പൊറോട്ടാ കഴിച്ചിട്ടു പോയാല്‍ മതി എന്നു ശഠിക്കുന്നതെന്തു മനോവികാരമാണെന്നു മനസ്സിലാവുന്നില്ല.

കര്‍ഷകര്‍ക്കു വേണ്ടാത്ത എന്തു പരിഷ്‌ക്കാരമാണ് ഈ ബില്ലിലുള്ളത്... കണ്ണു തുറക്കേണ്ടവര്‍ കണ്ണുതുറന്നു കാണണം കരയുന്നവന്റെ കണ്ണീര്‍. ചൂടും മഴയും തണുപ്പും വകവയ്ക്കാതെ ജീവിതത്തിന്റെ ഏറിയ പങ്കും കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷക സമൂഹത്തെ തൃപ്തരാക്കാനാവാതെ ആരെ പ്രീണിപ്പിക്കാനാണീ പരിഷ്‌ക്കാരം ദൃതിപിടിച്ചു നടപ്പാക്കുന്നതെന്നു മനസ്സിലാവുന്നില്ല. ചങ്കും പറിച്ചു നല്‍കുകയാണു പലരും പലര്‍ക്കും വേണ്ടി. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്തും?

അന്നം തരുന്നവന്റെ വഴിമുട്ടിക്കാതെ, കൂടുതല്‍ വിലപ്പെട്ട ജീവനുകള്‍ ഈ സമരമുഖത്തു പൊലിയാതെ ശാശ്വത സത്വര പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവണം.

'ഭാരതാംബയെ ഊട്ടുന്ന മണ്ണിന്റെ മക്കള്‍

നീതിതേടി തെരുവിലലയുമ്പോള്‍

കരയുന്ന കണ്ണുകള്‍ കടലായിരമ്പുമ്പോള്‍

വിയര്‍പ്പുചിന്തി നാടിന്റെ വിശപ്പടക്കിയവന്‍

ചോരചിന്തി ഇന്നു കൊഴിഞ്ഞുവീഴുമ്പോള്‍

അമ്മതന്‍ നെഞ്ചിലേറ്റ മുറിവിന്നാരുണക്കും'

ജനക്കൂട്ടത്തിന്റെ മധ്യേ നിന്നു ഘോരഘോരം ഭാഷണം ചെയ്തു കൈയ്യടി വാങ്ങി മടങ്ങുന്നവരല്ല, മറിച്ച് ജനങ്ങളുടെ ഇടയിലേക്കിറങ്ങി അവരുടെ ഹൃദയം തൊട്ടു നീറുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നവരാകണം ജനനായകര്‍. 'യഥാര്‍ത്ഥ ജനനായകര്‍ ജനത്തിനായി ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു'

റ്റോജോമോന്‍ ജോസഫ്

മരിയാപുരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.