സെബി ചെയര്‍പേഴ്സണും ഭര്‍ത്താവിനും അദാനി ഗ്രൂപ്പില്‍ നിക്ഷേപം: ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം

സെബി ചെയര്‍പേഴ്സണും ഭര്‍ത്താവിനും അദാനി ഗ്രൂപ്പില്‍ നിക്ഷേപം: ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ ആയുധമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി കൃത്രിമവുമായി ബന്ധപ്പെട്ട ആരോപണത്തിന് പിന്നാലെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനി കമ്പനികളില്‍ നിക്ഷേപമുണ്ടായിരുന്നുവെന്ന ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ആയുധമാക്കി പ്രതിപക്ഷം.

സെബി ചെയര്‍പേഴ്സണെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണവും ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിനെതിരെ സെബി നടത്തിയ അന്വേഷണം പുകമറയില്‍ ആണെന്നും അതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഉടന്‍ ദുരീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അദാനി ഓഹരി കുംഭകോണം അന്വേഷിക്കാനുള്ള സെബിയുടെ വിചിത്രമായ വിമുഖത സുപ്രീം കോടതി വിദഗ്ധ സമിതിയുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ടന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

വിദേശ ഫണ്ടുകളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ് ആവശ്യകതകള്‍ 2018 ല്‍ സെബി ലഘൂകരിക്കുകയും 2019 ല്‍ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തതായി സമിതി സൂചിപ്പിച്ചതായി അദേഹം പറഞ്ഞു. ഇതൊക്കെയും മാര്‍ക്കറ്റ് റെഗുലേറ്റര്‍ തെറ്റ് ചെയ്തുവെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദേഹം വ്യക്തമാക്കി.

കാവല്‍ക്കാരെ നോക്കാന്‍ ആരുണ്ടെന്ന് അദേഹം എക്സ് പോസ്റ്റിലൂടെ ചോദിച്ചു. പാര്‍ലമെന്റ് സമ്മേളനം പെട്ടെന്ന് പിരിച്ചുവിട്ടത് എന്താണെന്ന് ബോധ്യമായി എന്നും അദേഹം പറഞ്ഞു. ഓഗസ്റ്റ് 12 ന് വൈകുന്നേരം വരെ സഭയില്‍ ഇരിക്കാനാണ് അറിയിപ്പ് ലഭിച്ചത്. എന്നാല്‍ പെട്ടെന്ന് ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് തന്നെ സമ്മേളനം നിര്‍ത്തി വച്ചു. അത് എന്തിനായിരുന്നുവെന്ന് ഇപ്പോള്‍ മനസിലായെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കടുത്ത ആരോപണവുമായി രംഗത്തുണ്ട്. സെബി ചെയര്‍പേഴ്സണ്‍ പോലും അദാനി ഗ്രൂപ്പിലെ നിക്ഷേപകയാണ് എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പ്രതികരണം. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സെബി ചെയര്‍പേഴ്സണ് എതിരെ അന്വേഷണം നടത്തുമോയെന്നും അവര്‍ ചോദിച്ചു.

കൂടാതെ ശിവസേന യുബിടി വിഭാഗം നേതാക്കളായ പ്രിയങ്ക ചതുര്‍വേദി, ആനന്ദ് ദുബെ എന്നിവരും സെബി ചെയര്‍പേഴ്സണും സര്‍ക്കാരിനും എതിരെ വിമര്‍ശനം ശക്തമാക്കി. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സെബി കൃത്യമായി മറുപടി നല്‍കാതിരുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായെന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം.

സെബി ചെയര്‍പേഴ്സണ്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടെന്ന ഗുരുതര ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

എന്നാല്‍ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് തള്ളി. റിപ്പോര്‍ട്ട് അവാസ്തവമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയ താണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹിന്‍ഡെന്‍ബര്‍ഗ് പുറത്തു വിട്ടതെന്നും ഇത് അടിസ്ഥാന രഹിതമെന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്തവാനയില്‍ അറിയിച്ചു.

ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ നിയമങ്ങളെ പൂര്‍ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി നേരത്തെ നിശ്ചയിച്ച നിഗമനങ്ങളോടെ തയ്യാറാക്കിയതാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

2023 ജനുവരി 24 ന് ഗ്രൂപ്പിന് നേരേ ഉന്നയിച്ച ആരോപണങ്ങള്‍ അദാനി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തുന്നതിന് പകരം ഹിന്‍ഡെന്‍ബെര്‍ഗിന് നേരേ സെബി നോട്ടീസ് അയക്കുകയായിരുന്നു.

ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.