മുൻവിധികളോടെയുള്ള വിശ്വാസം സത്യമല്ല; കഠിന ഹൃദയം ആത്മീയ വളർച്ചയെ തടസപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പ

മുൻവിധികളോടെയുള്ള വിശ്വാസം സത്യമല്ല; കഠിന ഹൃദയം ആത്മീയ വളർച്ചയെ തടസപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മുൻവിധികളെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം ഒരിക്കലും യഥാർത്ഥമല്ലെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മുൻവിധികളിൽ അധിഷ്ഠിതമല്ലാത്തതും ഹൃദയങ്ങളെ തുറക്കാൻ പര്യാപ്തവുമായ യഥാർത്ഥ വിശ്വാസവും പ്രാർത്ഥനയും ആർജിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കായി എത്തിയ തീർത്ഥാടകരോടൊപ്പം പ്രാർത്ഥിച്ച് അവർക്ക് സുവിശേഷ സന്ദേശം നൽകുകയായിരുന്നു പാപ്പ. യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള വായനയെ (യോഹന്നാൻ 6:41-51) ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് ഈയാഴ്ചത്തെ ധ്യാനചിന്തകൾ പങ്കുവച്ചത്.

'സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ്' എന്ന യേശുവിൻ്റെ വാക്കുകൾ വിശ്വസിക്കാൻ അവിടുത്തെ സമകാലികർ വിസമ്മതിച്ചു. അവർക്ക് യേശുവിന്റെ മാതാപിതാക്കളെയും മരപ്പണിക്കാരൻ എന്ന അവന്റെ തൊഴിലിനെയും കുറിച്ച് അറിയാമായിരുന്നതിനാൽ, ഇത്ര പരിചിതവും സാധാരണവുമായ രീതിയിൽ സ്വയം പ്രത്യക്ഷപ്പെടാൻ ദൈവത്തിന് കഴിയുമോയെന്ന് അവർ സംശയിച്ചു. യേശുവിന്റെ എളിയ കുടുംബപശ്ചാത്തലത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന ഈ മുൻവിധിയാണ് അവരുടെ വിശ്വാസത്തെ തടസ്സപ്പെടുത്തിയത് - പാപ്പാ പറഞ്ഞു.

കഠിന ഹൃദയങ്ങൾ ആത്മീയ വളർച്ചയെ തടസപ്പെടുത്തുന്നു

മുൻവിധികളും അടച്ചുപൂട്ടിയ ഹൃദയവും ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ വളരെയധികം ദോഷകരമാകമായി ബാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പ അഭിപ്രായപ്പെട്ടു. യേശുവിന്റെ സമകാലികരുടെ നിയമാനുഷ്ഠാനവും പ്രാർത്ഥനയും ഉപവാസവും അവർ കരുതിപ്പോന്നതിന്റെ സ്ഥിരീകരണത്തിനു വേണ്ടി ചെയ്ത ആചാരങ്ങൾ മാത്രമായിരുന്നു. യേശുവിനോട് വിശദീകരണം ചോദിക്കാൻ പോലും അവർ തയ്യാറായില്ല എന്നത് ഇക്കാര്യം തെളിയിക്കുന്നു.

തങ്ങൾക്ക് അതിനോടകം ഉണ്ടായിരുന്ന ബോധ്യങ്ങളെ കൂടുതൽ ഉറപ്പിക്കാൻ വേണ്ടിയാണ് അവർ യേശുവിനെതിരെ പരസ്പരം പിറുപിറുത്തത്. അങ്ങനെ ഭേദിക്കാനാവാത്ത ഒരു കോട്ടയിൽ അടയ്ക്കപ്പെട്ടതുപോലെ അവർ സ്വയം പരിമിതപ്പെടുത്തി. അവരുടെ കഠിന ഹൃദയവും മുൻവിധികളുമാണ് ദൈവപുത്രനിൽ വിശ്വസിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞത്.

യഥാർത്ഥ വിശ്വാസവും പ്രാർത്ഥനയും ഹൃദയങ്ങളെ തുറക്കുന്നു

നമ്മുടെ സ്വന്തം ബോധ്യങ്ങളുടെയും വിധിന്യായങ്ങളുടെയും സ്ഥിരീകരണം കണ്ടെത്താൻ വേണ്ടി മാത്രം പ്രാർത്ഥിക്കുമ്പോൾ നമുക്കും ഇതേ അടച്ചുപൂട്ടൽ സംഭവിക്കാമെന്ന് പരിശുദ്ധ പിതാവ് മുന്നറിയിപ്പു നൽകി. യഥാർത്ഥ വിശ്വാസവും പ്രാർത്ഥനയും ഹൃദയങ്ങളെയും മനസ്സുകളെയും അടയ്ക്കുകയല്ല മറിച്ച് തുറക്കുകയാണ് ചെയ്യുന്നത്. അടഞ്ഞ മനസ്സുള്ളവരുടെ വിശ്വാസവും പ്രാർത്ഥനയും യഥാർത്ഥമല്ലെന്ന് പാപ്പ കൂട്ടിച്ചേർത്തു.

കർത്താവിന്റെ മുമ്പിൽ നിശബ്ദരായി ഇരിക്കാനും അവിടുത്തെ സ്വരം ശ്രവിക്കാനും നമുക്ക് സാധിക്കുന്നുണ്ടോയെന്ന് ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. കർത്താവിന്റെ സ്വരം വിശ്വാസപൂർവ്വം കേൾക്കാനും അവിടുത്തെ ഇഷ്ടം ധൈര്യപൂർവം നിറവേറ്റാനും പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.