'കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടണം': മാധബി ബുച്ചിനെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഓഹരികള്‍ക്ക് തിരിച്ചടി

 'കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടണം': മാധബി ബുച്ചിനെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഓഹരികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: അദാനി ഗൂപ്പിന്റെ വിവാദ വിദേശ നിക്ഷേപങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന റിപ്പോര്‍ട്ട് സെബി മേധാവി മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവല്‍ ബുച്ചും തള്ളിയതിന് പിന്നാലെ പുതിയ വെല്ലുവിളിയുമായി ഹിന്‍ഡന്‍ബര്‍ഗ്.

ആരോപണം ശരിവയ്ക്കുന്നതാണ് മാധബി പുരി ബുച്ചിന്റെ വിശദീകരണമെന്ന് വ്യക്തമാക്കിയ ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിക്ഷേപ വിവരങ്ങള്‍ പുറത്തുവിടുമോയെന്ന് ഇരുവരെയും വെല്ലുവിളിച്ചു. സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാന്‍ തയ്യാറാകുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു.

ബെര്‍മുഡ, മൗറീഷ്യസ് രാജ്യങ്ങളിലെ അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളില്‍ സെബി മേധാവിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. 2015 ല്‍ ഇവര്‍ 83 കോടി രൂപ നിക്ഷേപിച്ചെന്നും 18 മാസം മുന്‍പ് വന്ന ആദ്യ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാന്‍ സെബി മടിച്ചത് ഇതുകൊണ്ടാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു.

റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്ന് പറഞ്ഞ മാധബി ബുച്ചും ഭര്‍ത്താവും ഇപ്പോള്‍ നടക്കുന്നത് സ്വഭാവഹത്യയാണെന്നും ആരോപിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ നിക്ഷേപം താന്‍ സെബിയില്‍ വരുന്നതിന് മുന്‍പ് സിങ്കപ്പൂരില്‍ ജോലി ചെയ്ത സമയത്തേതാണെന്നും അനില്‍ അഹൂജ വഴി നടത്തിയതാണെന്നും അദാനി ഫണ്ടുമായി ബന്ധമില്ലെന്നുമായിരുന്നു മാധബിയുടെ വിശദീകരണം.

എന്നാല്‍ സെബി മേധാവിയായി സേവനമനുഷ്ഠിക്കുമ്പോള്‍ ബുച്ച് സജീവമായ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളെ പരിപാലിക്കുന്നുണ്ടെന്ന് ഹിന്‍ഡന്‍ബെര്‍ഗ് ആരോപിച്ചു. സിങ്കപ്പൂരില്‍ സ്ഥാപിച്ച ബുച്ചിന്റെ കണ്‍സള്‍ട്ടിങ് കമ്പനികളുടെ സുതാര്യതയെ ഹിന്‍ഡന്‍ബെര്‍ഗ് ചോദ്യം ചെയ്തു.

കമ്പനികളിലൊന്നായ അഗോറ അഡൈ്വസറി ലിമിറ്റഡ് (ഇന്ത്യ) ഇപ്പോഴും 99 ശതമാനം ബുച്ചിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അവര്‍ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമ്പോള്‍ തന്നെ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബെര്‍ഗ് ആരോപിക്കുന്നു.

അതിനിടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിന്റെ തുടക്കം അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനിയുടെ ഓഹരികള്‍ എല്ലാം നഷ്ടത്തിലാണ്.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി സെബി രംഗത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചെന്നാണ് സെബി നല്‍കുന്ന വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.