ഹെലികോപ്ടര്‍ പറത്തിയത് അനുമതിയില്ലാതെ
സിഡ്‌നി: ഓസ്ട്രേലിയയില്‍ ആഡംബര ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഹെലികോപ്റ്റടര്‍ ഇടിച്ച് പൈലറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ഹോട്ടലിന്റെ മുകള്‍ ഭാഗം അഗ്നിഗോളമായതിനെ തുടര്‍ന്ന് നൂറിലേറെപ്പേരെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലന്‍ഡിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ കെയ്ന്‍സില്‍ പ്രാദേശിക സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ കെയ്ന്‍സ് നഗരത്തിലെ പ്രശസ്ത ഹോട്ടലായ ഡബിള്‍ ട്രീ ഹോട്ടലിന് മുകളിലാണ് ഹെലികോപ്റ്റടര്‍ ഇടിച്ച് അപകടം ഉണ്ടായത്.
ഹെലികോപ്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ വന്‍ അഗ്നിബാധയാണ് ഉണ്ടായത്. തീ പടര്‍ന്നതിന് പിന്നാലെ ഉടന്‍ തന്നെ ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതായി ക്വീന്‍സ് ലന്‍ഡ് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 80 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഹെലികോപ്ടറില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് അനുമതിയില്ലാതെയാണ് ഹെലികോപ്ടര്‍ പറത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ പൊലീസും വ്യോമയാന മന്ത്രാലയവും അറിയിച്ചു.
ബോംബ് പൊട്ടിത്തെറിച്ചതു പോലെയാണ് അനുഭവപ്പെട്ടതെന്നാണ് ഹോട്ടലിലെ താമസക്കാര്‍ പറഞ്ഞത്. ലൈറ്റുകളൊന്നുമില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തില്‍ വളരെ താഴ്ന്നു പറന്ന ശേഷമാണ് ഹെലികോപ്ടര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാള്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഒന്നിലധികം തവണ വേഗത്തില്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് ഇടച്ചതെന്നാണ് ഹോട്ടലില്‍ തങ്ങിയ മറ്റൊരാള്‍ പ്രതികരിച്ചത്. രണ്ട് തവണ ഹോട്ടലിനെ മറികടന്ന് പോയ ശേഷമാണ് ഹെലികോപ്ടര്‍ കെട്ടിടവുമായി കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറുകളില്‍ ഒന്ന് തെരുവിലും മറ്റൊന്ന് ഹോട്ടലിലെ നീന്തല്‍ കുളത്തിലും പതിച്ചു.
ഗ്രേറ്റ് ബാരിയര്‍ റീഫിന് സമീപമായതിനാല്‍ വളരെ അധികം സഞ്ചാരികളാണ് കെയ്ന്‍സിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ബ്രസീല്‍ നഗരത്തെ നടുക്കിയ വിമാന അപകടത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.