'കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി പി.വി അന്‍വര്‍ പണിത തടയണകള്‍ പൊളിച്ച് നീക്കണം; ഒരു മാസത്തിനകം സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കണം'

'കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി പി.വി അന്‍വര്‍ പണിത തടയണകള്‍ പൊളിച്ച് നീക്കണം; ഒരു മാസത്തിനകം സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കണം'

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ നിര്‍മ്മിതികള്‍ പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ നിര്‍ദേശം. 2023 ലെ കേരള ജലസേചന നിയമ പ്രകാരമാണിത്.

പ്രകൃതിദത്തമായ നീര്‍ച്ചാലുകള്‍ക്ക് കുറുകെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസമുണ്ടാക്കി. കാലവര്‍ഷത്തില്‍ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്.

ഒരു മാസത്തിനകം നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി പൂര്‍വ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥര്‍ ചെയ്തില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും അതിന്റെ ചിലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച തടയണകള്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പൊളിച്ച് നീക്കലിന്റെ മറവില്‍ അരുവി തന്നെ നികത്തിയെന്ന് കാണിച്ച് ഗ്രീന്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ടി.വി രാജനാണ് ഹൈക്കോടതിയിലെത്തിയത്.

ബന്ധപ്പെട്ട കക്ഷികളുമായി ചേര്‍ന്ന് കളക്ടര്‍ തെളിവെടുപ്പ് നടത്തി നടപടിയെടുക്കാനായിരുന്നു കോടതി നിര്‍ദേശം. രണ്ട് തവണ തെളിവെടുപ്പ് നടത്തിയെങ്കിലും റിസോര്‍ട്ട് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. അനുമതിയില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തികളെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.