കുട്ടികളെ ചുറ്റി വരിഞ്ഞ് ഫ്രീ ഫയര്‍; കോട്ടയം ജില്ലയില്‍ പൊലീസ് പിടിച്ചെടുത്തത് 50 മൊബൈല്‍ ഫോണുകള്‍

കുട്ടികളെ ചുറ്റി വരിഞ്ഞ് ഫ്രീ ഫയര്‍; കോട്ടയം ജില്ലയില്‍ പൊലീസ് പിടിച്ചെടുത്തത് 50 മൊബൈല്‍ ഫോണുകള്‍

കോട്ടയം: ഫ്രീ ഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ വരിഞ്ഞ് മുറുക്കുന്നു. ഒരു ദിവസം എട്ടു മണിക്കൂറിലേറെ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിക്കുന്ന 50 കുട്ടികളുടെ മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ദിവസം കോട്ടയം ജില്ലയില്‍ മാത്രം പിടിച്ചെടുത്തത്. ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി മണിക്കൂറുകള്‍ ചെലവഴിക്കുന്നത് കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരായ ദമ്പതികളുടെ മകന്‍ കഴിഞ്ഞ മാസം വീഡിയോ ഗെയിം കളിച്ച് കളഞ്ഞത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. നേരത്തെ പബ്ജിയോടായിരുന്നു യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയുംതാല്‍പര്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ഫ്രീഫയര്‍ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു.

ലോക് ഡൗണിന് ശേഷമാണ് ഇത്തരത്തില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നതും കുട്ടികളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടായതായുമുള്ള പരാതികള്‍ ഓപ്പറേഷന്‍ ഗുരുകുലത്തില്‍ എത്തിയത്. കഞ്ചാവിനേക്കാള്‍ അതിഭീകരമായ 'ലഹരിയാണ്' വീഡിയോ ഗെയിം കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് ഓപ്പറേഷന്‍ ഗുരുകുലത്തിന്റെ കണ്ടെത്തല്‍.

കുട്ടികളുടെ മാനസിക ശാരീരിക അവസ്ഥയെ ഇത് മാറ്റിമറിയ്ക്കുന്നു. പലരും ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ഗെയിമിനായി സമയം പാഴാക്കുന്നത്. ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, അമിതമായ ദേഷ്യം എന്നിവ പ്രധാന ലക്ഷണങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.