ഷിരൂര്‍: ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ ഗംഗാവലി പുഴയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന കയറിന്റെ ഭാഗവും ലോഹ ഭാഗങ്ങളും കണ്ടെത്തി.
നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് കയറിന്റെ ഭാഗവും മൂന്ന് ലോഹ ഭാഗങ്ങളും കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാകാമെന്ന് നേവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുഴയില്‍ നിന്ന് ലഭിച്ച കയര്‍ താന്‍ വാങ്ങിക്കൊടുത്തതാണെന്നും ലോഹ ഭാഗങ്ങള്‍ തന്റെ ലോറിയുടെത് അല്ലെന്നും ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌പോട്ടുകളിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ഇതില്‍ ഒന്ന്, രണ്ട് സ്‌പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെ നിന്നാണ് തടിക്കഷണങ്ങള്‍ കെട്ടാനുപയോഗിച്ച കയറും ലോറിയുടെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു.
പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ നദിയില്‍ നിന്ന് ലോറിയുടെ ജാക്കി ലിവര്‍ ഈശ്വര്‍ മാല്‍പേ സംഘം മുങ്ങിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് നിന്നുതന്നെയാണ് ജാക്കിലിവര്‍ കിട്ടിയത്. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ഒഴുകിപ്പോയ മറ്റൊരു ടാങ്കര്‍ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ജൂലൈ 16 ന് രാവിലെയാണ് മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. കാലാവസ്ഥ പ്രതികൂലമായതോടെ 28 ന് തിരച്ചില്‍ അവസാനിപ്പിച്ചു. പിന്നീട് ഇന്നലെയാണ് ദൗത്യം പുനരാരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.