ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ല.
നിലവിലെ സിവില്‍ കോഡ് വിവേചന പരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തോന്നുന്നു. ഈ സാഹചര്യത്തിലാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉദേശിക്കുന്നതെന്നും സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സുപ്രീം കോടതി നടത്തിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതിയും ഭരണ ഘടനയും ഇതേ കാര്യം തന്നെ നമ്മോട് പറയുന്നു. അത് നിറവേറ്റേണ്ടത് നമ്മുടെ കടമയാണ്.
വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എല്ലാവരും അവരുടെ അഭിപ്രായങ്ങളുമായി മുന്നോട്ട് വരണം. കാലം മതേതര സിവില്‍ കോഡ് ആവശ്യപ്പെടുന്നു. ഇതോടെ, മതപരമായ വിവേചനങ്ങളില്‍ നിന്നും നാം സ്വതന്ത്രരാകുമെന്നും അദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നു. മൂന്ന് മുതല്‍ ആറ് മാസത്തിനിടെ എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിനായി രാജ്യം മുന്നോട്ട് വരണമെന്നും മോഡി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.