'പിടിച്ച് വാങ്ങിയതല്ല, മാപ്പെഴുതി വാങ്ങിയതാണ് സംഘപരിവാറിന്റെ സ്വാത്രന്ത്ര്യം': ജനം ടിവിയുടെ സ്വാതന്ത്ര്യദിന പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ

'പിടിച്ച് വാങ്ങിയതല്ല, മാപ്പെഴുതി വാങ്ങിയതാണ് സംഘപരിവാറിന്റെ സ്വാത്രന്ത്ര്യം': ജനം ടിവിയുടെ സ്വാതന്ത്ര്യദിന പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി: സ്വാതന്ത്ര്യ ദിനത്തില്‍ ജനം ടിവിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായി. 'സഹിച്ചു നേടിയതല്ല, പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം' എന്ന കുറിപ്പോടെയാണ് ഗാന്ധിജിയുള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളെ ഉള്‍പ്പെടുത്തിയ ചിത്രം ജനം ടിവി തങ്ങളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ജനം ടിവി പങ്കുവച്ച ചിത്രത്തില്‍ ഏറ്റവും അവസാനമായാണ് ഗാന്ധിജിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങളില്‍ ഏറ്റവും ചെറുതാണ് ഗാന്ധിജിയുടെ ചിത്രം.

'ഹായ് എജ്ജാതി പടം. ഒരു മൈക്രോസ്‌കോപ്പ് കിട്ടിയിരുന്നെങ്കില്‍ ഗാന്ധിജിയെ കാണാമായിരുന്നു', 'ഗാന്ധിയെ കണ്ട് പിടിക്കുന്നവര്‍ക്ക് 101 രൂപ സമ്മാനം' എന്നിങ്ങനെയുള്ള ട്രോളുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

'പിടിച്ച് വാങ്ങിയതല്ല, മാപ്പെഴുതി വാങ്ങിയതാണ് സംഘപരിവാറിന്റെ സ്വാത്രന്ത്ര്യമെന്നും' വിമര്‍ശനം ഉയരുന്നുണ്ട്. പോസ്റ്റ് ചര്‍ച്ചയായതോടെ വിവാദങ്ങളും ഉയരുകയാണ്. 'സഹിച്ചു നേടിയതല്ല ഷൂ നക്കി വാങ്ങിയതാണ് സ്വാതന്ത്രം' എന്നാണ് ഒരു വിഭാഗം ആളുകള്‍ കുറ്റപ്പെടുത്തുന്നത്.

ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിച്ച് രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ പ്രധാന ചാലകശക്തിയായത് മഹാത്മാ ഗാന്ധിയുടെ നേതൃപരമായ പങ്കാണെന്നിരിക്കെ ആ ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമര്‍ശങ്ങളാണ് ജനം ടിവി പ്രചരിപ്പിക്കുന്നത്.

ആദ്യം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ കയ്യിലുള്ള തോക്ക് മഹാത്മാ ഗാന്ധിയുടെ നേര്‍ക്ക് ചൂണ്ടിയ വിധത്തിലായിരുന്നു നല്‍കിയിരുന്നത്. പിന്നീടാണ് ചിത്രം പിന്‍വലിച്ച് മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

ജവഹര്‍ലാല്‍ നെഹ്റു, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവരെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവര്‍ ചിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്.

ചരിത്രത്തെ വളച്ചൊടിച്ചുള്ള ജനം ടിവിയുടെ വിവാദ പോസ്റ്റിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ചുവെന്ന് കാണിച്ച് ജനം ടിവിക്കെതിരെ കെ.എസ്.യു സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

അടിയന്തര നടപടി കൈക്കൊള്ളണമെന്നും കലാപാഹ്വാന കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മ്മന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.