തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസിലെ പ്രതിയും സോളാര്‍ വിവാദ നായികയുമായ സരിതയ്ക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ വന്‍ സ്വാധീനം. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിതയുടെ കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സന്ദര്‍ശകയാണ് ഇവര്‍. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് സരിത പിന്‍വാതില്‍ നിയമനുള്ള 'ഇര'കളെ കണ്ടെത്തിയിരുന്നത്.
ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും നിയമനം ഉറപ്പ് നല്‍കിയ സരിത മന്ത്രിമാരുടെയടക്കം പേരുപറഞ്ഞ് 317തവണ തന്നെ വിളിച്ചതായി പരാതിക്കാരന്‍ അരുണ്‍ വെളിപ്പെടുത്തി. കെ.ടി.ഡി.സിയിലും ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്നു സരിതയും കൂട്ടരും 16 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണ് പരാതി.
പണം ഇടപാട് നടത്തിയതിന്റെയും വാട്സാപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പരാതിക്കാരന്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് സരിത അരുണിന് അക്കൗണ്ട് നമ്പര്‍ വാട്സാപ്പില്‍ അയച്ച് നല്‍കിയത്. അന്ന് തന്നെ 99,500 രൂപ കൈമാറിയതിന്റെ ബാങ്ക് സ്ലിപ്പ് കൈവശമുണ്ട്. പിന്നീട് പോലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസ് പിന്‍വലിക്കുന്നതിന് 50000 രൂപ തിരികെ നല്‍കിയെന്നും അരുണ്‍ വ്യക്തമാക്കി. സരിതയെ സംരക്ഷിക്കുന്നത് സിപിഎം ആണന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഇതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളുടെയും തെളിവ് പുറത്തു വന്നു. പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കെ സെക്രട്ടറിയേറ്റിലെ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡുകളെ സ്ഥിരപ്പെടുത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ശശി തരൂര്‍ അടക്കമുള്ള നേതാക്കളുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നിയമനം നടന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഈ നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷമായി സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഏഴ് ജീവനക്കാരെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. 2015 ജൂലൈ ഒന്നിനാണ് തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന അപേക്ഷ സെക്യൂരിറ്റി ജീവനക്കാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനും കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയും കെ മുരളീധരനും ശശി തരൂര്‍ എംപിയും കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും നിയമനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശ കത്ത് നല്‍കിയിരുന്നതായും വ്യക്തമായി. 2015 ഡിസംബര്‍ മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനമായത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2017 മാര്‍ച്ച് 21 ഈ നിയമനങ്ങള്‍ റദ്ദാക്കി. പിന്നാലെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.