സ‍ർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് പ്രതിരോധിക്കാൻ ഡയസ് നോൺ പ്രഖ്യാപിച്ചു

സ‍ർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് പ്രതിരോധിക്കാൻ ഡയസ് നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചനാ പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ ബാധകമാക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇതോടെ സമരത്തിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്.

കഴിഞ്ഞ ആഴ്ചയാണ് പി.മോഹൻദാസ് അധ്യക്ഷനായ ശമ്പളപരിഷ്കരണ കമ്മീഷൻ സ‍ര്‍ക്കാരിന് റിപ്പോര്‍ട്ട് സമ‍ര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000-ആയി ഉയര്‍ത്തണമെന്ന് കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നു. 

അതേസമയം, അക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യും.

ഗസറ്റഡ് ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ഇന്ന് അനുവദിക്കില്ല. വ്യക്തിക്കോ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നീ അടുത്ത ബന്ധുക്കള്‍ക്കോ അസുഖം ബാധിച്ചാല്‍ അവധി അനുവദിക്കും. ഇതിനുപുറമെ ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാര്‍ക്ക് അവധി അനുവദിക്കും.

ജില്ലാ കളക്ടര്‍മാരും വകുപ്പുതല മേധാവികളും പണിമുടക്കില്‍ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജീനക്കാര്‍ക്ക് ഓഫീസുകളില്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.