ഇന്ന് ചിങ്ങം ഒന്ന്. കേരളീയര്‍ക്ക് ഇന്ന് പുതുവത്സരം. പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങപ്പുലരി എത്തിയതോടെ പുതിയ പ്രതീക്ഷകളോടെയാണ് മലയാളികള്‍. പഞ്ഞ മാസത്തെ പുറത്താക്കി പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിന്‍ ചിങ്ങം. ഇനി കൊല്ലവര്‍ഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേള്‍ക്കുമ്പോഴേ കര്‍ഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാര്‍ പറയാറ്.
ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയാണ് കര്‍ഷകര്‍.
നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനുള്ളൊരു ദിവസം കൂടിയായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണര്‍ത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ്.
ഗ്രിഗോറിയന്‍ കലണ്ടറിലെ ഓരോ പുതുവര്‍ഷപ്പിറവിയും കേരളീയ ഗ്രാമങ്ങളില്‍ പോലും ആഘോഷരാവുകള്‍ തീര്‍ക്കുമ്പോള്‍ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അവധി നല്‍കി മലയാളത്തിന്റെ സ്വന്തം വര്‍ഷം 1200ന്റെ നിറവില്‍ എത്തിയിരിക്കുകയാണ്. ഇന്ന് ചിങ്ങം പിറന്നതോടെ മലയാളത്തിന്റെ സ്വന്തം കലണ്ടര്‍ വര്‍ഷം 1200 ലേക്ക് കടന്നു. അധികമാരുമറിയാതെയാണ് കൊല്ലവര്‍ഷം 1200 ല്‍ എത്തി നില്‍ക്കുന്നത്. കേരളത്തിന്റെ മാത്രമായ കാലഗണനാ രീതിയിലാണ് കൊല്ല വര്‍ഷം എന്ന് അറിയപ്പെടുന്ന മലയാള വര്‍ഷം രൂപപ്പെടുത്തിയിരിക്കുന്നത്.
എ.ഡി 825 ലാണ് കൊല്ല വര്‍ഷത്തിന്റെ തുടക്കം. ഇന്ത്യയിലെ ഇതര പഞ്ചാംഗങ്ങള്‍ സൗരവര്‍ഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിര്‍ണയം ചെയ്തപ്പോള്‍, മലയാള പഞ്ചാംഗം സൗരവര്‍ഷത്തെയും സൗരമാസത്തെയുമാണ് അവലംബിച്ചത്. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖര വര്‍മ്മയാണ് കൊല്ല വര്‍ഷം ആരംഭിച്ചതെന്നാണ് വിശ്വാസം. ചിങ്ങം തുടങ്ങി കര്‍ക്കടകം വരെയുള്ള 12 മലയാള മാസങ്ങളാണ് കൊല്ല വര്‍ഷത്തില്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.