മുംബൈ ഭീകരാക്രമണ കേസ്: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറണമെന്ന് യു.എസ് കോടതി

 മുംബൈ ഭീകരാക്രമണ കേസ്: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറണമെന്ന് യു.എസ് കോടതി

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയും പാകിസ്ഥാന്‍ വംശജനുമായ തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതിയുടെ ഉത്തരവ്. യു.എസ് അപ്പീല്‍ കോടതിയുടേതാണ് വിധി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും തഹാവുര്‍ റാണയെ കൈമാറുക.

റാണയെ കൈമാറുക എന്നത് ഏറെ കാലമായി ഇന്ത്യയുടെ ആവശ്യമായിരുന്നു. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് അപ്പീല്‍ കോടതി വിധിയില്‍ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലില്‍ നേരത്തേ റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ റാണ നല്‍കിയ ഹര്‍ജി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി തള്ളുകയും ചെയ്തു.

സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ റാണയുടെ കുറ്റകൃത്യം ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലോസ് ആഞ്ജലിസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ കഴിയുകയാണ് നിലവില്‍ റാണ.

2008 നവംബര്‍ 26 ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്ക് വേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്.

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011 ല്‍ യു.എസ് കോടതി റാണയെ ശിക്ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.