ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി: പ്രതിഷേധം ആളിക്കത്തി; തീരുമാനം പിന്‍വലിച്ച് മമത

ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി: പ്രതിഷേധം ആളിക്കത്തി; തീരുമാനം പിന്‍വലിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കേസില്‍ മമത സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍മാരുടെ സ്ഥലമാറ്റത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. 42 മെഡിക്കല്‍ പ്രൊഫസര്‍മാരെയും ഡോക്ടര്‍മാരെയുമാണ് ബംഗാള്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലും മറ്റ് ആശുപത്രികളിലും ജോലി ചെയ്യുന്നവരാണ് ഇവര്‍. സ്ഥലംമാറ്റം പതിവായി നടക്കുന്ന നടപടിയാണെന്ന് ബംഗാള്‍ ആരോഗ്യ സെക്രട്ടറി പറഞ്ഞു. ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് അനുമതി ലഭിച്ച തീരുമാനമാണെന്നും അദേഹം പറഞ്ഞു. ആ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചതായും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തീരുമാനം പിന്‍വലിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഡോ. സംഗീത പോള്‍, ഡോ. സുപ്രിയ ദാസ് എന്നിവരും സ്ഥലമാറ്റിയവരില്‍ ഉണ്ടായിരുന്നു. ഇവര്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ്.

വലിയ ഗൂഢാലോചനയാണിതെന്നും, സീനിയര്‍ ഡോക്ടര്‍മാരെ ഭയപ്പെടുത്താനുള്ള നീക്കമാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഡോക്ടര്‍മാരുടെ സംഘടന ഈ തീരുമാനത്തില്‍ ഭയപ്പെടില്ലെന്ന് പ്രതികരിച്ചിരുന്നു. നീതിക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കി.

സീനിയര്‍ മെഡിക്കല്‍ പ്രൊഫസര്‍മാരെ സ്ഥലം മാറ്റിയതായി അറിഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതിഷേധത്തില്‍ പങ്കെടുത്തത് കൊണ്ടാണോ എന്നറിയില്ലെന്നും ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.