ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും.
രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് രാജ്യം നടുങ്ങിയ കൊലപാതകം നടന്നത്. ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജോലിക്കിടെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടികാണിച്ച് സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരത്തിലാണ്.
ഇതിനിടെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെ അര്‍ധരാത്രിയോടെ ചില ആളുകള്‍ ആശുപത്രി വളപ്പില്‍ കയറി അക്രമം അഴിച്ചു വിടുകയായിരുന്നു. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍ പണിമുടക്കിയുള്ള പ്രതിഷേധം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.