പലിശ ഇളവും കാലാവധി നീട്ടലും പരിഹാര മാര്‍ഗമല്ല; ദുരിത ബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തളളണമെന്ന് മുഖ്യമന്ത്രി

പലിശ ഇളവും  കാലാവധി നീട്ടലും പരിഹാര മാര്‍ഗമല്ല; ദുരിത ബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തളളണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തളളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ലെന്നും ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എഴുതി തള്ളുന്ന കടബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണം. ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാതൃക പരമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണം. കേരള ബാങ്ക് അതില്‍ മാതൃക കാണിച്ചു. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാര്‍ഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ കൃഷി ഭൂമിയുടെ രൂപം തന്നെ മാറ്റിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടര്‍ വാസമോ കൃഷിയോ ഊ പ്രദേശങ്ങളില്‍ സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കര്‍ഷക കുടുംബങ്ങള്‍ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്.

വീട് നിര്‍മ്മിക്കാന്‍ ലോണ്‍ എടുത്തവര്‍ക്ക് വീട് തന്നെ ഇല്ലാതായെന്നും തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദുരിത ബാധിതര്‍ക്കുളള സഹായ ധനത്തില്‍ കയ്യിട്ട് വാരിയ ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികള്‍ യന്ത്രികമായി മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.