മോണ്‍. ഡെന്നിസ് കുറുപ്പശേരി കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍

മോണ്‍. ഡെന്നിസ് കുറുപ്പശേരി കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാന്‍

കണ്ണൂര്‍: മോണ്‍. ഡെന്നിസ് കുറുപ്പശേരിയെ കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായമെത്രാനായി നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാള്‍ട്ടയിലെ അപ്പസ്‌തോലിക്ക് ന്യുണ്‍ഷ്വേച്ചറില്‍ ഫസ്റ്റ് കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയായിരുന്നു മോണ്‍. ഡെന്നിസ് കുറുപ്പശേരി.

ആഫ്രിക്കയിലെ ബുറുണ്ടി, ഈജിപ്ത്, ചെക്ക് റിപ്പബ്ലിക്ക്, തായ്‌ലന്‍ഡ്, യു.എസ് എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍ കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സഹവികാരി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സഹവികാരി, കടല്‍വാതുരുത്ത് ഹോളിക്രോസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, പുല്ലൂറ്റ് സെന്റ് ആന്റണീസ് പള്ളി വികാരി , കോട്ടപ്പുറം രൂപത മതബോധന ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമില്‍ നിന്ന് സഭാ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക ഇടവകയില്‍ കുറുപ്പശേരി സ്റ്റാന്‍ലി-ഷേര്‍ളി ദമ്പതികളുടെ മകനായി 1967 ഓഗസ്റ്റ് നാലിന് ജനിച്ച അദേഹം അപ്പര്‍ പ്രൈമറി പഠനത്തിന് ശേഷമാണ് എറണാകുളം സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ പഠനവും കളമശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ താമസിച്ച് കളശേരി സെന്റ് പോള്‍സ് കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ആലുവ കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍. 1991 ഡിസംബര്‍ 23 ന് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.