പുതിയ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ ബഹുമുഖ പ്രതിഭ

 പുതിയ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്  സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ ബഹുമുഖ പ്രതിഭ

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ ഡോ. വി.പി ജോയ് സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ തന്റേയായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവും അവാര്‍ഡ് ജേതാവുമാണ്.

ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഡോ. വി.പി ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. വിശ്വാസ് മേത്തയുടെ ഒഴിവിലേയ്ക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് വി.പി ജോയ് സംസ്ഥാന സര്‍വ്വീസില്‍ തിരിച്ചെത്തിയത്. നേരത്തെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം ചുമതലയുള്ള സെക്രട്ടറിയായിരുന്നു. നാഷണല്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുമാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലേക്ക് അദ്ദേഹം എത്തുന്നത്.

പുത്തന്‍കുരിശ് കണ്ടനാട് ഭദാസനത്തിലെ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ കിങ്ങിണിമറ്റത്ത് വാഴയില്‍ വി.വി പത്രോസിന്റെയും ഏലിയാമ്മയുടെയും മകനാണ് ഡോ. വി.പി ജോയി. 1987 ബാച്ചില്‍ പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോയിക്ക് 2023 ജൂണ്‍ 30 വരെ ചീഫ് സെക്രട്ടറി പദവിയില്‍ തുടരാനാകും.

കോളേജീയേറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍, കേരള കോപ്പറേറ്റിവ് സൊസൈറ്റി രജിസ്ട്രാര്‍, കേരള പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ആന്റ് കമ്മീഷണര്‍, ഗവണ്മെന്റ് എക്സാമിനേഷന്‍ ഡയറക്ടര്‍, കേന്ദ്ര ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി, സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ, നികുതി വകുപ്പികളുടെ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ എന്നിങ്ങനെ ഏറെ പ്രാധ്യാന്യമുള്ള ഒരു പാട് തസ്തികകളില്‍ അദ്ദേഹം തന്റെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കവി, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ ഡോ. വി.പി ജോയി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മലയാളത്തില്‍ കവിതാ സമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പ്രസിദ്ധീകരിച്ചു. മണല്‍ വരകള്‍, നിമിഷ ജാലകം, രാമാനുതാപം, നിലാനിര്‍ഝരി, ശലഭയാനം, മാതൃ വിലാപം, മലയാള ഗസല്‍, നക്ഷത്ര രാഗം, ഋതുഭേദങ്ങള്‍, വീണക്കമ്പികള്‍ എന്നിവയാണ് കാവ്യങ്ങള്‍. കൂടാതെ ബന്ധനസ്ഥനായ ന്യായാധിപന്‍ എന്ന നോവലും താവോയിസത്തിന്റെ ജ്ഞാനപ്പാന, പ്രവാചകന്‍, വെങ്കല രൂപിയായ അശ്വാരൂഢന്‍ എന്നീ വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ Limits and Limitations of the Human Mind, Reflections on the Philosophy of Education, Facets of Freedom-A Moral and Political Analysis എന്നീ കൃതികളും അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അക്ഷയ സാഹിത്യപുരസ്‌കാരം, എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, പഴശ്ശിരാജ സാഹിത്യപ്രതിഭ പുരസ്‌കാരം എന്നിവയും ഗവേഷണ പ്രബന്ധത്തിന് ലിറ്റററ്റി നെറ്റ് വര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കിങ്ങിണിമറ്റത്തും പൂത്തൃക്കയിലും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ ജോയ് വാഴയില്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ 1985-ല്‍ ബിരുദമെടുത്തു.

ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം സര്‍വ്വകലാശാലയില്‍നിന്നും എം.ബി.എ., ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് അഡ്മിനിസ്‌ട്രേഷനില്‍നിന്നും എം.ഫില്‍., ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും പിഎച്ച്.ഡി എന്നീ ബിരുദങ്ങളും നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.