പ്രത്യാശയ്ക്കും രക്ഷയ്ക്കുമുള്ള നമ്മുടെ വിശപ്പടക്കാന്‍ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനു മാത്രമേ കഴിയൂ: ഫ്രാന്‍സിസ് പാപ്പ

പ്രത്യാശയ്ക്കും രക്ഷയ്ക്കുമുള്ള നമ്മുടെ വിശപ്പടക്കാന്‍ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനു മാത്രമേ കഴിയൂ: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: 'സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്ന ജീവനുള്ള അപ്പം ഞാനാണ്' എന്ന യേശുവിന്റെ വചനത്തെക്കുറിച്ച് ആഴമായ ബോധ്യം നമുക്കുണ്ടെങ്കില്‍ ആ വചനം നമ്മെ അത്ഭുതപ്പെടുത്തുകയും നമ്മുടെ ഹൃദയങ്ങളെ നന്ദിയാല്‍ നിറയ്ക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ. തന്നെത്തന്നെ സമ്പൂര്‍ണമായി ദാനം ചെയ്തതിലൂടെ, നമ്മുടെ ഹൃദയങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്ന സ്വര്‍ഗീയ അപ്പമായി യേശു സ്വയം മാറുകയായിരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍, പതിവുപോലെ ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടിയ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി അന്നേദിവസത്തെ സുവിശേഷ ഭാഗം വ്യാഖ്യാനിച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പ. അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കിയ അത്ഭുതത്തിനു ശേഷം തന്റെ ചുറ്റും കൂടിയ ജനക്കൂട്ടത്തോട് യേശു ഇപ്രകാരം അരുളി ചെയ്തു: സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. (യോഹന്നാന്‍ 6:51)

ഈ വചനം കൊണ്ട് എന്താണ് അവിടുന്ന് അര്‍ത്ഥമാക്കുന്നതെന്ന് ചിലര്‍ പരസ്പരം തര്‍ക്കിച്ചു. മറ്റു ചിലരാകട്ടെ, തന്റെ ശരീരം ഭക്ഷണമായി നല്‍കാന്‍ ഇവന് എങ്ങനെ സാധിക്കുമെന്ന് ചോദിച്ചു. എന്നാല്‍, അത്ഭുതത്തോടും നന്ദിയോടും കൂടെ ഇതേ ചോദ്യം നമുക്ക് നമ്മോടുതന്നെ ഇന്ന് ചോദിക്കാം - പരിശുദ്ധ പിതാവ് പറഞ്ഞു.

അത്ഭുതങ്ങളോടുള്ള തുറവി

നാം ഒരിക്കലും യേശുവിന്റെ വചനത്തെ സംശയിക്കുകയും അതിനെ തര്‍ക്കവിഷയമാക്കുകയും ചെയ്തവരെപ്പോലെയാകരുത്. മറിച്ച്, അത്ഭുതങ്ങളോട് എപ്പോഴും തുറവിയുള്ളവരായിരിക്കണം - പാപ്പാ പറഞ്ഞു. 'സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ അപ്പം ഞാനാണ്' എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറഞ്ഞത് നമ്മുടെ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള ഒരു കാര്യമാണ്. ശരീരവും രക്തവും എന്നതിലൂടെ അവിടുന്ന് ഉദ്ദേശിക്കുന്നത് രക്ഷകന്റെ മാനുഷികതയെ കുറിച്ചാണ്. നമ്മുടെ ജീവന്റെ പരിപോഷണത്തിനു വേണ്ടി സ്വയം അര്‍പ്പിച്ച അവിടുത്തെ ജീവനെക്കുറിച്ചാണ്.

നമുക്ക് നന്ദിയുള്ളവരായിരിക്കാം

നമ്മുടെ രക്ഷയ്ക്കും നിത്യമായ ആത്മീയ പോഷണത്തിനും വേണ്ടി സ്വന്തം ശരീരവും രക്തവും നല്‍കിയതിലൂടെ, യേശു അര്‍പ്പിച്ചത് സ്വജീവന്‍ തന്നെയാണ്. ഈ മഹാദാനത്തെ നമുക്ക് അങ്ങേയറ്റം വിലമതിക്കുകയും അതേക്കുറിച്ച് നന്ദിയുള്ളവരായിരിക്കുകയും ചെയ്യാം. നമുക്കു വേണ്ടി നമ്മോടൊപ്പമായിരിക്കുന്ന അവിടുത്തെ തിരുസാന്നിധ്യത്തെ വിശുദ്ധ കുര്‍ബാനയില്‍ തിരിച്ചറിയുകയും ആ ബോധ്യത്തില്‍ ആഴപ്പെടുകയും ചെയ്യാം - മാര്‍പാപ്പ പറഞ്ഞു.

നാം ജീവിക്കണമെങ്കില്‍ നമുക്ക് ഭക്ഷണം ആവശ്യമാണെന്നും ഉദരത്തിനു വേണ്ടിയുള്ള ഭക്ഷണം മാത്രമല്ല അതെന്നും മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിന് അറിയാം. അതിനാല്‍, മഹത്തായ ദാനം എന്ന നിലയില്‍ നമ്മുടെ യഥാര്‍ത്ഥ ഭക്ഷണവും പാനീയവുമായി അവിടുന്ന് സ്വയം മാറി. ഇതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ 'കര്‍ത്താവായ യേശുവേ അങ്ങേയ്ക്ക് നന്ദി' എന്ന് മാത്രമായിരിക്കട്ടെ നാം പറയുന്നത്.

പിതാവില്‍ നിന്നുള്ള സ്വര്‍ഗീയ അപ്പം മാംസം ധരിച്ചുവന്നവനായ യേശുവാണ്. നമ്മുടെ ഹൃദയങ്ങളുടെ വിശപ്പടക്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. അതെ, പ്രത്യാശയ്ക്കും സത്യത്തിനും രക്ഷക്കും വേണ്ടിയുള്ള നമ്മുടെ വിശപ്പടക്കാന്‍ കര്‍ത്താവിനു മാത്രമേ കഴിയൂ - ഫ്രാന്‍സിസ് പാപ്പാ ഊന്നിപ്പറഞ്ഞു.

നിത്യജീവന്റെ അപ്പം

നമ്മോടൊപ്പമുള്ള ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിനായി പാപ്പാ കര്‍ത്താവിനോട് നന്ദി പറഞ്ഞു. നമ്മുടെ ജീവിതങ്ങളെ തന്റെ ജീവനാല്‍ പരിപോഷിപ്പിച്ച് യേശു നമ്മെ എന്നേക്കുമായി രക്ഷിക്കുന്നു. ജീവനുള്ള ഈ യഥാര്‍ത്ഥ അപ്പം നമുക്ക് അളവില്ലാത്ത പ്രത്യാശ പകര്‍ന്നുതരുകയും ചെയ്യുന്നു.

നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള വിശപ്പും ദാഹവും നമുക്കുണ്ടോ? 'ദൈവകരുണയുടെ മഹാത്ഭുതമായ' വിശുദ്ധ കുര്‍ബാന നാം സ്വീകരിക്കുന്നത്, നമുക്ക് വേണ്ടി മരിക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത കര്‍ത്താവിന്റെ തിരുശരീരമാണതെന്ന തിരിച്ചറിവോടും ഭക്ത്യാദരവുകളോടും കൂടിയാണോ? - ഈ ചോദ്യങ്ങള്‍ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പരിശുദ്ധ പിതാവ് നിര്‍ദേശിച്ചു.

അപ്പത്തിന്റെ രൂപത്തില്‍ നമുക്കു നല്‍കപ്പെടുന്ന വിശുദ്ധ കുര്‍ബാന എന്ന സ്വര്‍ഗീയ സമ്മാനം യോഗ്യതയോടെ സ്വീകരിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന അഭ്യര്‍ത്ഥനയോടെ ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പായുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.