നരേന്ദ്ര മോഡി ഇന്ന് പോളണ്ടില്‍; നാലര പതിറ്റാണ്ടിന് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

നരേന്ദ്ര മോഡി ഇന്ന് പോളണ്ടില്‍; നാലര പതിറ്റാണ്ടിന് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോളണ്ട്-ഉക്രെയ്ന്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദര്‍ശനം. മൊറാര്‍ജി ദേശായിക്ക് ശേഷം 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.

രണ്ട് ദിവസങ്ങളിലായി നടത്തുന്ന പോളണ്ട് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായും പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ദ്രെജ് ദുഡെയുമായും രാജ്യത്തെ ഇന്ത്യന്‍ സമൂഹവുമായും അദേഹം കൂടിക്കാഴ്ച നടത്തും. പിന്നീട് വാര്‍സോയില്‍ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.

പോളണ്ടില്‍ നിന്ന് റെയില്‍ ഫോഴ്സ് വണ്‍ എന്ന ട്രെയിനില്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 2022 ല്‍ റഷ്യ ഉക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടെ എത്തുന്നത്. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഇവിടെ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ച് 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.

അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങീ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും ചര്‍ച്ച നടത്തുമെന്നുമാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.