സന്ദേഹങ്ങള്‍ നിറഞ്ഞ 37 മണിക്കൂറുകള്‍ക്കൊടുവില്‍ കുട്ടിയെ കണ്ടെത്തി; കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ ലഭിച്ചത് വിശാഖപട്ടണത്ത് നിന്ന്

സന്ദേഹങ്ങള്‍ നിറഞ്ഞ 37 മണിക്കൂറുകള്‍ക്കൊടുവില്‍ കുട്ടിയെ കണ്ടെത്തി; കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ ലഭിച്ചത് വിശാഖപട്ടണത്ത് നിന്ന്

വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ അസം സ്വദേശിയായ 13 കാരി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

താംബരം എക്സ്പ്രസില്‍ നിന്ന് മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലെത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തിവരികയായിരുന്നു.

ആഹാരം കഴിക്കാത്തതിനാല്‍ ക്ഷീണിതയായിരുന്ന കുട്ടി ട്രെയിനിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്നു. വീട്ടില്‍ നിന്ന് വഴക്ക് കൂടിയതിനെത്തുടര്‍ന്ന് പിണക്കം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അന്‍വര്‍ ഹുസൈന്റെ മൂത്തമകളാണ് കാണാതായ തസ്മിന്‍ ബീഗം. സഹോദരങ്ങളുമായി വഴക്കിട്ടപ്പോള്‍ അമ്മ ശകാരിച്ചതില്‍ മനംനൊന്താണ് കുട്ടി വീടുവിട്ടിറങ്ങിയത്.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ചെന്നൈ എഗ്മൂര്‍ എക്സ്പ്രസില്‍ കയറിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. യാത്ര ചെയ്യുന്നതിനിടെ കുട്ടി ട്രെയിനില്‍ നാഗര്‍കോവില്‍ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ഇന്നലെ വൈകിട്ട് 3:03 ന് കുട്ടി നാഗര്‍കോവിലിലെ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതായും കുപ്പിയില്‍ വെള്ളം എടുത്ത ശേഷം അതേ വണ്ടിയില്‍ തിരികെ കയറിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തില്‍ അവിടെത്തെ റെയില്‍വേ സ്റ്റേഷനും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.