'ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് നടപടി വേണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉടന്‍ പരിഗണിക്കും

'ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് നടപടി വേണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉടന്‍ പരിഗണിക്കും

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു. തെളിവുകള്‍ വിളിച്ചു വരുത്തണമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തു വന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തു വരാത്ത റിപ്പോര്‍ട്ടിലുള്ളത്. ഇത് പൊതു സമൂഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സെന്‍സര്‍ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ചലച്ചിത്ര മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പുറത്തുവന്നത്. 235 പേജുകളാണ് പുറത്തുവിട്ടത്. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

മൊഴി നല്‍കിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി അപേക്ഷകര്‍ക്ക് പകര്‍പ്പ് നല്‍കാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. 2019 ഡിസംബര്‍ 31 നാണ് ഹേമ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.