ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമ കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പൊലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി.
സാമൂഹിക മാധ്യമമായ എക്‌സില്‍ ഡല്‍ഹി പൊലീസിനെയും ഡല്‍ഹി വനിതാ കമ്മീഷനെയും ദേശീയ വനിതാ കമ്മീഷനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി പൊലീസ് ഇക്കാര്യം നിഷേധിച്ചു. കേസിലെ പ്രധാന സാക്ഷികളായ വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയുള്ളതാണ് പോസ്റ്റ്.
ബ്രിജ്ഭൂഷണെതിരേ കോടതിയില്‍ സാക്ഷി പറയാന്‍ പോകുന്ന വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു എന്നാണ് പോസ്റ്റ് ചെയ്തത്. ഗുസ്തി ഫെഡറേഷനെതിരായ പോരാട്ടം തുടരുമെന്നും സത്യം ജയിക്കുമെന്നും വിനേഷ് നേരത്തേ പറഞ്ഞിരുന്നു.
ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ച് കഴിഞ്ഞ വര്‍ഷം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പൂനിയ എന്നിവര്‍ പ്രതിഷേധം നടത്തിയിരുന്നു. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലായിരുന്നു പ്രതിഷേധം. ബ്രിജ്ഭൂഷണ്‍ രാജിവെയ്ക്കണമെന്നും ഗുസ്തി ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം.
ഇതോടെ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ മേരികോം, യോഗേശ്വര്‍ ദത്ത് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിറ്റി രൂപവല്‍കരിച്ചു. തുടര്‍ന്ന് കായിക മന്ത്രാലയം ഇടപെട്ട് ഡബ്ല്യു.എഫ്.ഐ പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള പാനല്‍ പിരിച്ചുവിടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.