വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നിലപാട് വ്യക്തമാക്കി ജഗദീഷ്

വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നിലപാട് വ്യക്തമാക്കി ജഗദീഷ്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി പേര് എടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് നടന്‍ ജഗദീഷ്. അതില്‍നിന്നും എ.എം.എം.എയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു.

വിജയിച്ചിട്ടുള്ള നടികളോ, നടന്‍മാരോ വഴിവിട്ട രീതിയില്‍ സഞ്ചരിച്ചാണ് ഈ ലക്ഷ്യത്തിലെത്തിയത് എന്ന രിതിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കില്‍ അത് വേദനിപ്പിക്കുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വ്യക്തമാക്കന്നത്. താന്‍ ഇക്കാര്യം നേരിട്ട് അറിഞ്ഞതുകൊണ്ട് പറയുന്നതല്ല.

നടിമാരുടെ വാതിലില്‍ മുട്ടിയിട്ടുണ്ട് എന്നു പറയുമ്പോള്‍ എവിടെ വാതിലില്‍ മുട്ടി എന്ന് ചോദിക്കേണ്ടതില്ല, വാതിലില്‍ മുട്ടി എന്ന് ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കണം. ആ കുട്ടിയുടെ പരാതി അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. അതു തന്നെയാണ് എ.എം.എം.എയുടെ പക്ഷവുമെന്ന് ജഗദീഷ് പറഞ്ഞു.

ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ഇതില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിട്ടുള്ള സംഭവങ്ങളാണെങ്കില്‍ പോലും ഇനിയും അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വഴി സഹായകമാകട്ടെ എന്നാണ് സംഘടന ആഗ്രഹിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയില്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരണമെന്ന് ജഗദീഷ് പറഞ്ഞു.

പേരുകള്‍ പുറത്തു വിടാന്‍ ഹൈക്കോടതി അനുവദിക്കുമെങ്കില്‍ അതു നടക്കട്ടെ. ഗോസിപ്പുകള്‍ ഇല്ലാതാക്കാന്‍ അത് സഹായിക്കും. കോടതി എന്തു തീരുമാനമെടുത്താലും പൂര്‍ണമായി സഹകരിക്കും. ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ എ.എം.എം.എ തയാറാണ്.

പവര്‍ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്. പവര്‍ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോള്‍ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരാതി ഉന്നയിക്കാമെന്നും ജഗദീഷ് വിശദീകരിച്ചു.

റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തിനെന്നതില്‍ മതിയായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇക്കാലം കൊണ്ട് വലിയ മാറ്റമുണ്ടായേനെ. ഇന്ന് നടിമാര്‍ക്കു പരാതി പറയേണ്ടി വരില്ലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷം തെറ്റു ചെയ്യുന്നവരുടെ മനസില്‍ ഭയം വന്നിട്ടുണ്ട്.

തെറ്റോ ചൂഷണമോ സംഭവിച്ചാല്‍ ചോദിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് ആളുകള്‍ക്ക് തോന്നിയിട്ടുണ്ട്. എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കില്‍ ഇതുപോലെ ജനങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നും ജഗദീഷ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.