'മാര്‍ ജോര്‍ജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യന്‍': മാര്‍ റാഫേല്‍ തട്ടില്‍

 'മാര്‍ ജോര്‍ജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യന്‍': മാര്‍ റാഫേല്‍ തട്ടില്‍

പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭാ അസംബ്ലിയുടെ രണ്ടാം ദിനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പെന്ന നിലയിലെ നേതൃത്വ ശുശ്രൂഷകള്‍ക്ക് സഭയുടെ മുഴുവന്‍ ആദരവും അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

ക്രിസ്തു സ്നേഹത്തിന്റെയും സഭാ സ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേരനുഭവമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്ക് സമ്മാനിച്ചത്. കുടിയേറ്റ ജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തില്‍ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളര്‍ച്ച ആര്‍ക്കും മറക്കാന്‍ കഴിയില്ല.

വരാനിരിക്കുന്ന കിരീടത്തില്‍ കര്‍ത്താവിന്റെ മുദ്രകളാണ് ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇത് സത്യത്തിന്റെ കൂടെ നിന്നതിനാലാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കരം പിടിച്ചും കരുത്തു പകര്‍ന്നും കൂടെയുണ്ടാവണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

സഭയുടെ കൂട്ടായ്മയ്ക്കായി നിലകൊള്ളുന്നവര്‍ സഹനത്തിലൂടെ കടന്നുപോകേണ്ടിവരും എന്നതാണ് ജീവിതാനുഭവമെന്ന് മറുപടി പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മാര്‍ത്തോമ്മാശ്ലീഹായുടെ ജീവിതം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ആ ധീരത സഭ മുഴുവനിലും വ്യാപിപ്പിക്കണമെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവനകളുടെ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. രാജ്യമാകെയുള്ള സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പള്ളികള്‍, സഭാ കാര്യാലയത്തോട് ചേര്‍ന്നുള്ള ഹെറിറ്റേജ് ആന്റ് റിസര്‍ച്ച് സെന്റര്‍, ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സഭാപ്രവര്‍ത്തനത്തിന് വാതില്‍ തുറക്കാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ വേറിട്ട മുന്നേറ്റങ്ങളും മേജര്‍ ആര്‍ച്ച് ബിഷപിന്റേയും വിവിധ മേലധ്യക്ഷന്മാരുടെയും സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു വീഡിയോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.