രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകി

രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംവിധായകനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്.

ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. സിനിമയുടെ ഓഡിഷനിൽ ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ വാദമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലും കാസ്റ്റിംഗ് കൗച്ച് പരാമർശമുണ്ടെന്നും ഈ പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നു.

രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. യുവതിയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം ഗൗരവത്തിലെടുത്ത് പരിശോധിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയത്‍. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.