കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയെ സംബന്ധിച്ച ഒരു വാര്‍ത്തയിലും നാളിതുവരെ സീന്യൂസ് ലൈവ് 'അമ്മ' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. 'അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്' എന്നതിന്റെ ചുരുക്കപ്പേരായ എ.എം.എം.എ എന്ന് മാത്രമാണ് നല്‍കി വരുന്നത്.
പിറന്നു വീഴുന്ന നിമിഷം മുതല്‍ തന്റെ കുഞ്ഞിന്റെ മുഖത്തേക്ക് ആകാംഷയോടെ... ആനന്ദത്തോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന രണ്ട് കണ്ണുകളുള്ള ഒരു മുഖമുണ്ടെങ്കില്‍ ആ അറിവിന്റെ പേരാണ് അമ്മ...
അത് ഈ വിശ്വത്തിലെ ഏറ്റവും വലിയ നേരറിവാണ്... മലയാള ഭാഷയിലെ അതിരറ്റ അര്‍ത്ഥ തലങ്ങളുള്ള ആ വാക്കിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല... അത് അമ്മമാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനുമാകില്ല... ഒരു സംഘടനയ്ക്കും.
ഈ തിരിച്ചറിവുള്ളതു കൊണ്ടാണ് മറ്റെല്ലാ മാധ്യമങ്ങളും താര സംഘടനയെ 'അമ്മ' എന്ന് അഭിസംബോധന ചെയ്യുമ്പോഴും സീന്യൂസ് ലൈവ് തുടക്കം മുതല്‍ എ.എം.എം.എ എന്ന് കൃത്യമായി ഉപയോഗിച്ച് വന്നത്.
ഇപ്പോള്‍ ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കാനുള്ള കാരണം സീന്യൂസിന്റെ പ്രീയപ്പെട്ട വായനക്കാരില്‍ ചിലര്‍ ഉന്നയിച്ച സംശയമാണ്. താര 'സംഘടനയെ 'അമ്മ' എന്ന വാക്കില്‍ അഭിസംബോധന ചെയ്താല്‍ തിരിച്ചറിയാന്‍ എളുപ്പമുണ്ട്' എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിലാണ് താര സംഘടനയെ 'സീന്യൂസ്' അമ്മ എന്ന് വിളിക്കില്ലെന്ന് തീരുമാനിച്ചത്.
സംഘടനയിലെ പ്രമുഖന്‍മാരടക്കം പലരും ലൈംഗീകാരോപണങ്ങളില്‍പ്പെട്ട് മുഖം നഷ്ടപ്പെട്ടവരായി ഒന്നിന് പുറകേ മറ്റൊന്നായി പുറത്തേക്ക് വരുന്ന ഈ സാഹചര്യത്തില്‍ 'സീന്യൂസ്' തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയുകയാണ്.
ജയ്‌മോന്‍ ജോസഫ്
എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.