ജീവൻ്റെ പൂർണത പ്രാപിക്കാൻ കർത്താവിനെ അന്വേഷിച്ച് അവിടുത്തോടൊപ്പമായിരിക്കുക: ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

ജീവൻ്റെ പൂർണത പ്രാപിക്കാൻ കർത്താവിനെ അന്വേഷിച്ച് അവിടുത്തോടൊപ്പമായിരിക്കുക: ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: കർത്താവിനെ അന്വേഷിച്ച് അവിടുത്തോടൊപ്പമായിരിക്കാൻ എപ്പോഴും ഉത്സാഹിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അങ്ങനെ ആദ്യ ശിഷ്യസമൂഹത്തെപ്പോലെ നിത്യമായ ആനന്ദം നൽകുന്ന ജീവൻ്റെ പൂർണത പ്രാപിക്കാൻ നമുക്കും സാധിക്കുമെന്ന് മാർപാപ്പ പറഞ്ഞു.

ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് ധ്യാനചിന്തകൾ പങ്കുവയ്ക്കവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. വി. പത്രോസ് യേശുവിലുള്ള തൻ്റെ വിശ്വാസം ഏറ്റുപറയുന്ന സുവിശേഷ ഭാഗമാണ് (യോഹന്നാൻ 6: 60-69) പാപ്പാ ഈയാഴ്ച വിചിന്തന വിഷയമാക്കിയത്.

'കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കലുണ്ട് ' (യോഹന്നാന്‍ 6 : 68) എന്ന പത്രോസ് ശ്ലീഹായുടെ വാക്കുകൾ യേശുവിലുള്ള വിശ്വാസവും പ്രത്യാശയും ഏറ്റുപറയുന്ന ഏറ്റവും മനോഹരമായ ഭാവാവിഷ്കാരമാണ്. കർത്താവിനെ വിട്ടുപോകാതെ അവിടുത്തോടൊപ്പം നിൽക്കാനാണ് ശിഷ്യന്മാർ ആഗ്രഹിച്ചത്. അവർ അവിടുത്തെ പ്രസംഗങ്ങൾ കേൾക്കുകയും അവിടുന്നു ചെയ്ത അത്ഭുതങ്ങൾക്ക് സാക്ഷികളാകുകയും ചെയ്തവരായിരുന്നു. അതിനാൽ, രഹസ്യവും പരസ്യവുമായ അവിടുത്തെ ജീവിതത്തിൽ ഭാഗഭാക്കുകളാകുന്നത് തുടരാൻ അവർ തീരുമാനിച്ചു - പരിശുദ്ധ പിതാവ് വിശദീകരിച്ചു.

ഗുരു പറയുന്നതും പ്രവർത്തിക്കുന്നതും ശിഷ്യന്മാർക്ക് എല്ലായ്പ്പോഴും മനസിലാകുന്നുണ്ടായിരുന്നില്ല. അതിനാൽ കർത്താവിനെ അനുഗമിക്കുകയെന്നത് അവർക്ക് അത്ര എളുപ്പമായിരുന്നില്ല - പാപ്പാ ചൂണ്ടിക്കാട്ടി. യേശുവിന് എല്ലാവരുടെയും നേർക്കുണ്ടായിരുന്ന സ്നേഹത്തിന്റെ മൗലിക സ്വഭാവം, അവിടുത്തെ കാരുണ്യത്തിന്റെ ആത്യന്തികമായ പ്രകാശനങ്ങൾ, വ്യവസ്ഥാപിത മതപാരമ്പര്യങ്ങൾ അതിലംഘിച്ചുകൊണ്ടുള്ള അവിടുത്തെ പ്രവൃത്തികൾ ഇവയെല്ലാം മനസ്സിലാക്കാൻ അവർ നന്നേ ക്ലേശിച്ചു.

എന്നിരുന്നാലും കർത്താവിൽ മാത്രമാണ് പത്രോസും മറ്റു ശിഷ്യന്മാരും ജീവനും ആനന്ദത്തിനും വേണ്ടിയുള്ള തങ്ങളുടെ ദാഹത്തിനും ജീവിതത്തെ ചൈതന്യവത്താക്കുന്ന സ്നേഹത്തിനും ഉത്തരം കണ്ടെത്തിയത്. അങ്ങനെ പാപത്തിൻ്റെയും മരണത്തിന്റെയും പരിമിതികൾക്കപ്പുറമുള്ള ജീവൻ്റെ പൂർണ്ണത കർത്താവിൽ അനുഭവിച്ചറിയാൻ അവർക്ക് സാധിച്ചു. കർത്താവിനെ അനുഗമിക്കാനുള്ള ഈ വെല്ലുവിളി നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. ഒരുപക്ഷേ അവിടുത്തെ മാർഗ്ഗങ്ങൾ മനസ്സിലാക്കാനും അവിടുത്തെ മാനദണ്ഡങ്ങളും മാതൃകയും സ്വന്തമാക്കാനും നാമും പാടുപെട്ടേക്കാം.

എല്ലായ്പോഴും കർത്താവിനോടു ചേർന്നുനിൽക്കുക, അവിടുത്തെ സുവിശേഷത്തിൻ്റെ പാത പിൻചെല്ലുക, കൂദാശകളിലൂടെ അവിടുത്തെ കൃപ സ്വീകരിക്കുക, പ്രാർത്ഥനയിൽ അവിടുത്തോടൊപ്പം ആയിരിക്കുക, എളിമയുടെയും പരസ്നേഹത്തിന്റെതുമായ അവിടുത്തെ മാതൃക പിന്തുടരുക എന്നിവയെല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നു. ഇവയെല്ലാം ചെയ്യുന്നതിലൂടെ അവിടുത്തെ സൗഹൃദത്തിന്റെ സൗന്ദര്യം എത്രത്തോളം അനുഭവിച്ചറിയാൻ നമുക്കു സാധിക്കുന്നുവോ , അത്രത്തോളം നിത്യജീവന്റെ വചനങ്ങൾ അവിടുന്നിൽ മാത്രമാണുള്ളതെന്ന് നാം തിരിച്ചറിയുന്നു.

നമ്മുടെ ജീവിതത്തിൽ യേശുവിൻ്റെ സാന്നിധ്യം എത്രമാത്രമുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കണമെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. അവിടുത്തെ വാക്കുകൾ നമ്മെ സ്പർശിക്കാൻ നാം അനുവദിക്കാറുണ്ടോ, അവയിൽ നിന്ന് നാം പ്രചോദനം സ്വീകരിക്കാറുണ്ടോ എന്നീ കാര്യങ്ങൾ ആത്മശോധന ചെയ്ത് കണ്ടെത്തണമെന്നും പാപ്പാ നിർദ്ദേശിച്ചു.
ദൈവവചനത്തെ ഉദരത്തിൽ സ്വീകരിച്ച പരിശുദ്ധ കന്യാമറിയം, യേശുവിനെ ശ്രവിക്കാനും അവിടുത്തെ ഒരിക്കലും വിട്ടുപിരിയാതിരിക്കാനും നാമേവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനാശംസയോടെ പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.