മോഡിക്ക് പിന്നാലെ അമിത് ഷായും യോഗിയും വരുന്നു; താര പ്രചാരകരെ എത്തിച്ച് കൊഴുപ്പ് കൂട്ടാന്‍ ബിജെപി

 മോഡിക്ക് പിന്നാലെ അമിത് ഷായും യോഗിയും വരുന്നു; താര പ്രചാരകരെ എത്തിച്ച് കൊഴുപ്പ് കൂട്ടാന്‍ ബിജെപി

കൊച്ചി: ബിജെപിയുടെ പ്രധാന ദേശീയ നേതാക്കളെ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയുടെ താര പ്രചാരകരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും.

പ്രധാനമന്ത്രി ഞായറാഴ്ച ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുക. 21 ന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഉദ്ഘാടനം ചെയ്യാന്‍ യോഗി ആദിത്യനാഥും മുഖ്യാതിഥിയായി അമിത് ഷായുമെത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ ബിജെപി സമ്പൂര്‍ണമായും തിരഞ്ഞെടുപ്പ് മൂഡിലേക്ക് എത്തുമെന്നും വിലയിരുത്തപ്പെടുന്നു.

സുരേന്ദ്രന്റെ യാത്രയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി 100 സ്വീകരണങ്ങളാണ് നല്‍കുക. നേരത്തെ ഈ മാസം 20ന് ആരംഭിക്കാന്‍ തീരുമാനിച്ച യാത്ര ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ സൗകര്യം പരിഗണിച്ചാണ് 21ന് യാത്ര ആരംഭിക്കുന്നത്. യാത്രയ്ക്ക് വിവിധ ജില്ലകളില്‍ നല്‍ക്കുന്ന സ്വീകരണങ്ങളില്‍ ബിജെപി ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി തയ്യാറാക്കുന്ന പ്രകടനപത്രികയ്ക്ക് വേണ്ടി കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയെയും ബിജെപി സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ കേരളത്തിലെത്തിയിരുന്നു. പാര്‍ട്ടിയിലെ സംഘടനാതലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഡ്ഡ എത്തിയത്. കെ സുരേന്ദ്രനുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രനുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.