വനിത ട്വന്റി - 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; കേരളത്തിന്റെ അഭിമാനമായി ആശയും സജനയും ഇന്ത്യൻ ടീമിൽ

വനിത ട്വന്റി - 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; കേരളത്തിന്റെ അഭിമാനമായി ആശയും സജനയും ഇന്ത്യൻ ടീമിൽ

മുംബൈ: ഒക്ടോബർ മൂന്ന് മുതൽ 20 വരെ യുഎഇയിൽ നടക്കുന്ന വനിത ട്വൻറി - 20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇടം നേടി. സ്മൃതി മന്ഥനയാണ് 15 അംഗ സംഘത്തിൻറെ വൈസ് ക്യാപ്റ്റൻ. നേരത്തെ ബംഗ്ലാദേശിൽ നടത്താനിരുന്ന ടൂർണമെൻറ്, സംഘർഷ സാഹചര്യത്തിൽ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

പരിക്കിൽ നിന്ന് പൂർണ മോചിതരാകാത്ത യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടിൽ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്റിന് മുമ്പ് ഫിറ്റനസ് വീണ്ടെടുത്താൽ മാത്രമേ ഇരുവരെയും ടീമിനൊപ്പം കൊണ്ടുപോകുകയുള്ളൂ. ഉമ ഛേത്രി, തനൂജ കൻവർ, സൈമ ഠാക്കൂർ എന്നിവർ ടീമിനൊപ്പം റിസർവ് താരങ്ങളായെത്തും. രാഘവി ബിസ്ത്, പ്രിയ മിശ്ര എന്നിവർ നോൺ ട്രാവലിങ് റിസർവ് താരങ്ങളാണ്.

aസ്ട്രേലിയ, ന്യൂസീലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം പാകിസ്താനെയും ഒമ്പതിന് ശ്രീലങ്കയേയും ഇന്ത്യ നേരിടും. ഷാർജയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ അവസാന ഗ്രൂപ്പ്ഘട്ട മത്സരം കളിക്കും.

വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ സംഘം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രാകർ, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ദലാൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടിൽ, സജന സജീവൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.