'പുഴയിലെ ഒഴുക്ക് കുറഞ്ഞു, തിരച്ചില്‍ തുടരണം'; അര്‍ജുന്റെ ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും

 'പുഴയിലെ ഒഴുക്ക് കുറഞ്ഞു, തിരച്ചില്‍ തുടരണം'; അര്‍ജുന്റെ ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. ബംഗളൂരുവില്‍ ഇരുവരുടെയും വസതികളില്‍ എത്തിയാണ് കാണുക. കോഴിക്കോട് എംപി എം.കെ രാഘവന്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് എന്നിവരും ഒപ്പമുണ്ടാകും.

തിരച്ചിലിന് ഡ്രഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാനുള്ള നിര്‍ദേശം നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവ് വരും എന്നായിരുന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടും.

മഴയ്ക്ക് ശമനം ഉള്ളതിനാലും പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാലും തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നേരത്തെ കേരളത്തിന്റെ ആവശ്യ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ തിരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട തിരച്ചിലില്‍ വെള്ളത്തിനടിയില്‍ നിന്ന് ലോറിയുടെ ചില ഭാഗങ്ങള്‍ കണ്ടെത്താനും സാധിച്ചു. അതിനാല്‍ തന്നെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടും.

ഡ്രഡ്ജിങ് മെഷീന്‍ എത്തിച്ച് മണ്ണെടുത്താല്‍ മാത്രമേ വാഹനം ലഭിക്കൂ. ഡ്രെഡ്ജര്‍ എത്തിക്കാന്‍ ഫണ്ടില്ലെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അര്‍ജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണുന്നതെന്ന് ജിതിന്‍ പറഞ്ഞു. ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജൂലൈ 16 നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരില്‍ പനവേല്‍ -കന്യാകുമാരി ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടാകുന്നതും അര്‍ജുനെ കാണാതാകുന്നതും. 15 ന് ബെല്‍ഗാമില്‍ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അര്‍ജുന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.