'നന്‍ഹേ ഫരിസ്‌തേ': ആറ് വര്‍ഷംകൊണ്ട് റെയില്‍വേ വീണ്ടെടുത്ത് സുരക്ഷിതകരങ്ങളില്‍ എത്തിച്ചത് 84,119 കുട്ടികളെ

'നന്‍ഹേ ഫരിസ്‌തേ': ആറ് വര്‍ഷംകൊണ്ട് റെയില്‍വേ വീണ്ടെടുത്ത് സുരക്ഷിതകരങ്ങളില്‍ എത്തിച്ചത് 84,119 കുട്ടികളെ

ന്യൂഡല്‍ഹി:  രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി റെയില്‍വേ അധികൃതര്‍ വീണ്ടെടുത്ത് സുരക്ഷിതകരങ്ങളിലെത്തിച്ചത് 84,119 കുട്ടികളെ. ഏഴ് വര്‍ഷം മുന്‍പ് റെയില്‍വേ തുടക്കമിട്ട ഓപ്പറേഷന്‍ 'നന്‍ഹേ ഫരിസ്‌തേ' എന്ന രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്രയധികം കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. 2018 മുതലുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രക്ഷിതാക്കളുമായി പിണങ്ങിപ്പോന്നവര്‍, തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചവര്‍, രക്ഷപ്പെട്ടവര്‍, ചതിയില്‍ അകപ്പെട്ടുപോയവര്‍, കാണാതായവര്‍, വീടുവിട്ടിറങ്ങിയവര്‍ തുടങ്ങി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും റെയില്‍പ്പാളങ്ങളിലും കണ്ടെത്തിയ കുട്ടികളെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) രക്ഷിതാക്കളെയോ സുരക്ഷിത കേന്ദ്രങ്ങളിലോ ഏല്‍പ്പിച്ചത്. രക്ഷപ്പെടുത്തുന്ന കുട്ടികളെ അതാത് ജില്ലകളിലെ ശിശുക്ഷേമസമിതിക്കാണ് ആദ്യം കൈമാറുക. തുടര്‍ന്ന് രക്ഷിതാക്കളെ കണ്ടെത്തും.

കൂടാതെ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 58.19 കോടി രൂപയുടെ സാധനങ്ങള്‍ ഓപ്പറേഷന്‍ അമാനത് എന്ന ദൗത്യത്തിലൂടെ റെയില്‍വേ വീണ്ടെടുത്ത് നല്‍കിയിട്ടുണ്ട്. 2023-24 വര്‍ഷം മാത്രം ട്രെയിനുകളില്‍ യാത്രചെയ്ത 35,776 യാത്രക്കാരുടെ നഷ്ടപ്പെട്ട സാധനങ്ങള്‍ ഇങ്ങനെ തിരികെ കിട്ടി. സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍, വീട്ടുസാധനങ്ങള്‍ വരെ ഇതിലുള്‍പ്പെടും.

ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് റെയില്‍വേയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരാതി രജിസ്റ്റര്‍ചെയ്യാവുന്നതാണ്. മാത്രമല്ല വീണ്ടെടുക്കുന്ന സാധനങ്ങള്‍ യഥാര്‍ഥ ഉടമയാണെന്ന് തെളിയിച്ചാല്‍ മാത്രമേ കൈമാറൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.