കൊച്ചി: ഭരണ കക്ഷി എംഎല്‍എയായ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ ഗുരുതരമാണന്നും ഇനി മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണ വിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചു വയ്ക്കുന്നതിന് വേണ്ടി ഒരാളെ കൊലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. ഇക്കാര്യങ്ങളിലെല്ലാം സിബിഐ അന്വേഷണം വേണമെന്നും അദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സിപിഎം എംഎല്‍എ പറയുന്നത്.
ക്രമ സമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി, ബിജെപിയെ സഹായിക്കുന്നെന്നാണ് എംഎല്‍എ പറയുന്നത്. ബിജെപിയെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിട്ടും ഒരു കമ്മിഷണര്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി മുഴുവന്‍ പൂരം അലങ്കോലമാക്കുകയായിരുന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഇതേ ആരോപണമാണ് ഇപ്പോള്‍ സിപിഎം എംഎല്‍എയും ഉന്നയിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.