ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ വിശദമായ സുരക്ഷാ പരിശോധന നടത്തും. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 
കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് ഇന്ന് ന്യൂഡല്‍ഹിയിലെ കേന്ദ്ര ജലക്കമ്മീഷന്‍ ആസ്ഥാനത്ത്  ചേര്‍ന്നത്. 2021 ലെ ഡാം സുരക്ഷാ നിയമ പ്രകാരം ഇനി 2026 ല്‍ മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് കമ്മിറ്റിയുടെ തീരുമാനം.
2011 ല്‍ സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയാണ് ഇതിന് മുമ്പ് ഇതുപോലൊരു സുരക്ഷാ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധന്‍മാര്‍ സമിതിയില്‍ ഉണ്ട്. കേരളത്തിന്റെ അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും. 
ഇതിന് പുറമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിയന്തര കര്‍മ്മ പദ്ധതി പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ അടിസ്ഥാനത്തില്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ മേല്‍നോട്ട സമിതി തമിഴ്നാടിന് നിര്‍ദേശം നല്‍കി.
സുപ്രീ കോടതി നിര്‍ദേശ പ്രകാരം അണക്കെട്ടില്‍ തമിഴ്നാട് നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്ക്, മേല്‍ പ്രസ്താവിച്ച കാര്യങ്ങളുടെ പുരോഗതിക്ക് അനുസൃതമായി വേണ്ട അനുമതിക്കുള്ള അപേക്ഷകള്‍ സമയ ബന്ധിതമായി പരിശോധിച്ച് തീരുമാനമെടുക്കാന്‍ കേരളത്തോട് സമിതി നിര്‍ദേശിച്ചു. 
കേരളത്തെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ബി. അശോക്, അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനീയര്‍ പ്രീയേഷ് ആര്‍ എന്നിവരും തമിഴ്നാടിനെ പ്രതിനിധികരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസന്‍, കാവേരി ടെക്നിക്കല്‍ സെല്‍  ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍  എന്നിവരും പങ്കെടുത്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.