ആന്ധ്രയിലും തെലങ്കാനയിലും പേമാരി: മരണം 35 ആയി; നൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി

 ആന്ധ്രയിലും തെലങ്കാനയിലും പേമാരി: മരണം 35 ആയി; നൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ്: കാലവര്‍ഷം ശക്തമായ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും അതിതീവ്ര മഴ. മഴക്കെടുതിയില്‍ മരണം 35 ആയി. ആന്ധ്രയിലെ വിജയവാഡയെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. ആന്ധ്രയില്‍ നിന്ന് മാത്രം 31,238 പേരെ 166 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

17,000 ദുരിത ബാധിതരെ 107 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും 1.1 ലക്ഷം കൃഷി ഭൂമി നശിച്ചതായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. നിരവധി ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

വിജയവാഡ, ഗുണ്ടൂര്‍, കൃഷ്ണ, എലൂരു, പാല്‍നാഡു, പ്രകാശം, ജില്ലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നും അദേഹം പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 അംഗ ടീമിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

തെലങ്കാനയിലെ 11 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. രണ്ട് സംസ്ഥാനങ്ങളിലുമായി നാല് ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലായി നൂറിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. 54 ഓളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേരുകയും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.