'പൂരം കലക്കിയത് അജിത് കുമാറെങ്കില്‍ പിന്നില്‍ പിണറായി; അജണ്ട വ്യക്തം': ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരന്‍

'പൂരം കലക്കിയത് അജിത് കുമാറെങ്കില്‍ പിന്നില്‍ പിണറായി; അജണ്ട വ്യക്തം': ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരന്‍

കോട്ടയം: തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ആരും തൃപ്തിപ്പെടില്ലെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡീലിന്റെ ഭാഗമായാണോ പൂരം കലക്കിയത് എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നായിരുന്നു മുരളീധരന്റെ ഉത്തരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു അദേഹം.

ഒരു കമ്മീഷണര്‍ വിചാരിച്ചാല്‍ പൂരം കലങ്ങില്ലെന്ന് അന്ന് താന്‍ പറഞ്ഞിരുന്നു. പിന്നില്‍ ചില കരങ്ങളുണ്ട്. ആ കരങ്ങളാണ് അജിത് കുമാറിലൂടെ പുറത്തു വന്നത്. സുരേഷ് ഗോപിയെ വിജയിപ്പിച്ച് കരുവന്നൂര്‍ ബാങ്കിലെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനും മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുമുള്ള നിര്‍ദേശം പ്രകാശ് ജാവദേക്കര്‍ ഇ.പി ജയരാജന് മുന്നില്‍ വെച്ചിരുന്നു.

അത് ഫലവത്താകാത്തതു കൊണ്ടാണ് മുഖ്യമന്ത്രി കൂടുതല്‍ വിശ്വസ്തനായ എഡിജിപി അജിത് കുമാറിനെ ഇതിന് വേണ്ടി നിയോഗിച്ചത്. അജിത് കുമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

'അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ലെന്ന് വി.എസ് സുനില്‍ കുമാര്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തു വരില്ലെന്ന് ഞാന്‍ പറയുന്നു. സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പൂരം കലക്കിയതിന്റെ വ്യക്തമായ ചിത്രം പുറത്തു വരും. പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഇതുസംബന്ധിച്ച് ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് കത്തു നല്‍കും.

കേസുകള്‍ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ ആളെ ലോ ആന്‍ഡ് ഓര്‍ഡറില്‍ നിന്ന് മാറ്റിനിര്‍ത്തുക പോലും ചെയ്യാതെയാണ് അന്വേഷണ പ്രഹസനം പ്രഖ്യാപിച്ചത്. ഇത് കേട്ടാല്‍ ചിരി വരും, ഏത് ഉദ്യോഗസ്ഥന് എതിരെയാണോ അന്വേഷണം അദേഹത്തിന്റെ കീഴുദ്യോഗസ്ഥരെയാണ് അതിന് നിയോഗിച്ചിരിക്കുന്നതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

'അജിത് കുമാറിനെ സര്‍വീസില്‍നിന്ന് മാറ്റി നിര്‍ത്തി വേണം അന്വേഷിക്കാന്‍. അദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. അല്ലെങ്കില്‍ നിയമ നടപടികള്‍ പാര്‍ട്ടി ആലോചിക്കും. ഈ കേസ് അങ്ങനെ വിട്ടുകളയാന്‍ തീരുമാനിച്ചിട്ടില്ല. അതുവരെ എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്ന മത്സരം ഒറ്റരാത്രി കൊണ്ടാണ് അട്ടിമറിച്ചത്.

പകല്‍ സമയത്തൊന്നും കാണാത്ത സ്ഥാനാര്‍ഥി, പൂരം കലങ്ങിയ ഉടനെ രാത്രി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണ്. അതില്‍ നിന്ന് തന്നെ അജന്‍ഡ വളരെ വ്യക്തമാണ്. എഡിജിപി മുഖ്യമന്ത്രിയുടെ വളരെ വിശ്വസ്തനാണ്, വലം കൈയ്യാണ്.

അജിത് കുമാര്‍ പൂരം കലക്കിയെങ്കില്‍ അതിന്റെ പിന്നില്‍ സാക്ഷാല്‍ പിണറായി തന്നെ. എല്ലാ അണ്‍വാണ്ടഡ് എലമന്റ്സിനേയും പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.