വത്തിക്കാൻ സിറ്റി: ദൈവവുമായുള്ള നമ്മുടെ ബന്ധം ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾക്ക് അതീതമാണെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. പരസ്പരം ആർദ്രതയോടെ സ്നേഹിക്കുന്ന ആന്തരിക മനോഭാവം വളർത്തിയെടുക്കണമെന്നും മാർപാപ്പാ ഉദ്ബോധിപ്പിച്ചു.
ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്ക് ഒരുക്കമായി അന്നത്തെ സുവിശേഷ വായനയെ ആസ്പദമാക്കി വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. കൈ കഴുകി ആചാരപരമായ ശുദ്ധി വരുത്താതെ ഭക്ഷണം കഴിക്കാൻ യേശു തൻ്റെ ശിഷ്യരെ അനുവദിച്ചു എന്ന ഫരിസേയരുടെയും നിയമജ്ഞരുടെയും ആരോപണങ്ങൾക്ക് അവിടുന്ന് നൽകുന്ന മറുപടിയാണ് പാപ്പാ വിചിന്തനവിഷയമാക്കിയത്.
ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടാണ് കർത്താവ് അവരുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ശുദ്ധിയെന്നാൽ കേവലം ബാഹ്യമായ ആചാരങ്ങളല്ല മറിച്ച്, അത് ആന്തരികമായ ഒരു മനോഭാവമാണെന്ന് അവിടുന്ന് അവരെ പഠിപ്പിച്ചു. ഒരു വ്യക്തി അനേകം തവണ കൈകൾ കഴുകി ബാഹ്യമായ ശുദ്ധി വരുത്തിയാലും അത്യാഗ്രഹം, അസൂയ, അഹങ്കാരം, വഞ്ചന, മോഷണം, പരദൂഷണം എന്നിങ്ങനെയുള്ള ദുഷ്ചിന്തകളാണ് അയാൾ ഹൃദയത്തിൽ താലോലിക്കുന്നതെങ്കിൽ അവ എത്രമാത്രം പരസ്പരവിരുദ്ധമാണെന്ന കാര്യമാണ് യേശു അവരെ ചൂണ്ടിക്കാണിച്ചത് - പാപ്പാ വിശദീകരിച്ചു.
ഒരുവനെ നന്മയിൽ വളരാൻ അനുവദിക്കാത്ത ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന മുന്നറിയിപ്പാണ് യേശു നൽകിയത്. അവ മൂലം നമ്മുടെയും മറ്റുള്ളവരുടെയും സ്നേഹത്തിനു വിരുദ്ധമായ പ്രവൃത്തികളെ ന്യായീകരിക്കാൻ നാം തുനിയുന്നു. അത് നമ്മുടെ ആത്മാക്കളെ മുറിപ്പെടുത്തുകയും ഹൃദയങ്ങളെ അടച്ചുകളയുകയും ചെയ്യും - പരിശുദ്ധ പിതാവ് പറഞ്ഞു.
വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സമയമില്ലെന്ന് പറയുകയും അതേസമയം ആരെക്കുറിച്ചും എന്തിനെക്കുറിച്ചും പരദൂഷണം പറയുന്നതിൽ വ്യാപൃതരാവുകയും ചെയ്യുന്നവരാണെങ്കിൽ അത് നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും നാശത്തിലേക്ക് നയിക്കും. ആരാധനയിലും പ്രാർത്ഥനകളിലും ബാഹ്യമായ ഭക്തി പ്രകടിപ്പിക്കുകയും എന്നാൽ സ്വന്തം കുടുംബാംഗങ്ങളോട് അവഗണന കാണിക്കുകയും ചെയ്യുന്നതും സമാനമായ കാര്യമാണെന്ന് മാർപാപ്പാ ഊന്നിപ്പറഞ്ഞു. ഒരിക്കലും അനുവദിക്കാൻ കഴിയാത്ത 'ഇരട്ടമുഖം' എന്നാണ് പാപ്പാ അതിനെ വിശേഷിപ്പിച്ചത്.
ബാഹ്യമായ ശുദ്ധി പാലിച്ചാലും മറ്റുള്ളവരോടു നന്മയും കരുണയും കാണിച്ചില്ലെങ്കിൽ അത് ഒരു ഗുണവും ചെയ്യില്ല. കാരണം, അത് ദൈവവുമായുള്ള ബന്ധത്തെ ബാഹ്യമായ ആചാരങ്ങളിലേക്ക് ചുരുക്കുന്നു. ഒരുവനെ ശുദ്ധീകരിക്കുന്ന ദൈവകൃപയുടെ പ്രവർത്തനത്തിന് അത് തടസ്സം നിൽക്കുകയും ചെയ്യുന്നു. അങ്ങനെ ആ വ്യക്തിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും സ്നേഹരഹിതമായിത്തീരുന്നു. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാകട്ടെ, ജീവിതവിശുദ്ധിക്കും ആർദ്രമായ സ്നേഹത്തിനും വേണ്ടിയാണ് - പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
എത്രമാത്രം സ്ഥിരതയോടെയാണ് നാം നമ്മുടെ വിശ്വാസം ജീവിക്കുന്നത്? ദേവാലയത്തിനകത്തും പുറത്തും ഒരേ ചൈതന്യമാണോ എനിക്കുള്ളത്? അവിടെ ഞാൻ പ്രാർത്ഥനയിൽ ഏറ്റു പറയുന്നത് എൻ്റെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കുന്നുണ്ടോ? - ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കി ഓരോരുത്തരും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെന്ന് പാപ്പാ നിർദ്ദേശിച്ചു.
ഹൃദയ വിശുദ്ധിയോടെ സ്നേഹിക്കാനും ദൈവത്തിനു പ്രീതികരമായ ആരാധനകളർപ്പിക്കാനും ഏറ്റവും നിർമലയായ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാർഥനയോടെ പരിശുദ്ധ പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.