രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താന്‍ 74 തുരങ്ക പാതകള്‍ കൂടി; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍: ചെലവ് ഒരു ലക്ഷം കോടി

രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താന്‍ 74 തുരങ്ക പാതകള്‍ കൂടി;  സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍: ചെലവ് ഒരു ലക്ഷം കോടി

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിലായി 74 പുതിയ തുരങ്ക പാതകള്‍ കൂടി നിര്‍മിക്കാനുള്ള വന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ടണലിങ് ഇന്ത്യ കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പിലാണ് മന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം.

രാജ്യത്തെ തുരങ്ക പാതകളുടെ നിര്‍മാണ പുരോഗതിയെ കുറിച്ചും ഗഡ്കരി വിശദീകരിച്ചു. 15,000 കോടി ചിലവില്‍ മൊത്തം 49 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 35 തുരങ്കങ്ങള്‍ ഇതിനകം നിര്‍മാണം പൂര്‍ത്തീകരിച്ചു. 134 കിലോമീറ്റര്‍ ദൂരത്തില്‍ 69 തുരങ്കങ്ങളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. 40, 000 കോടി രൂപയാണ് ഇതിന്റെ ചെലവെന്നും അദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികൂടി പ്രാബല്യത്തിലാകുമ്പോള്‍ തുരങ്ക പാതകളുടെ മൊത്തം ദൈര്‍ഘ്യം 273 കിലോ മീറ്ററാവും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും പെര്‍ഫോമന്‍സ് ഓഡിറ്റിങ് നടത്തേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞ ഗഡ്കരി ഫിനാന്‍ഷ്യല്‍ ഓഡിറ്റിങിനേക്കാളും പ്രധാന്യം പെര്‍ഫോമന്‍സ് ഓഡിറ്റിങിനുണ്ടെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ സാങ്കേതിക നവീകരണത്തിന്റെയും ചെലവ് കുറഞ്ഞ പരിഹാര മാര്‍ഗങ്ങളുടെ ആവശ്യകതയെ കുറിച്ചും അദേഹം വിശദീകരിച്ചു. ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ ഏറ്റവും മികച്ച സാങ്കേതിക വിദ്യ കണ്ടെത്തേണ്ടതിന്റെ പ്രധാന്യവും മന്ത്രി എടുത്തു പറഞ്ഞു.

മണ്ണിടിച്ചില്‍ പോലുള്ള സ്ഥിരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന് ന്യൂതമായ പരിഹാര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അദേഹം ആഹ്വാനം ചെയ്തു. അതേസമയം രാജ്യത്ത് റോഡുകളും ഹൈവേകളും തുരങ്കങ്ങളും നിര്‍മിക്കുമ്പോള്‍ ഡിപിആര്‍ തയ്യാറാക്കുന്നതിലെ നിലവാരമില്ലായ്മയില്‍ ഗഡ്കരി ആശങ്ക പ്രകടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.