തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. അദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളടക്കം പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടുകയും സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പലവട്ടം ഉന്തും തള്ളുമുണ്ടായി. സമരക്കാര്‍ക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും പൊലീസുമായി വാക്കു തര്‍ക്കമുണ്ടായി. ശശി സേനയിലെ എമ്പോക്കികള്‍ തടഞ്ഞാലും സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക ഓഫീസായി മാറി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകളാണ്. ഇവരെയെല്ലാം സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കുന്നത്.
കോട്ടയത്തും പത്തനംതിട്ടയിലും തൃശൂരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പൊലീസ് തടഞ്ഞതോടെ ഇവിടങ്ങളിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തി.
എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഭരണകക്ഷി എംഎല്‍എയായ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.