'പ്രകൃതി ദുരന്തങ്ങള്‍ ജാതി-മത ചിന്തകളില്ലാതെ മനുഷ്യര്‍ ഒറ്റക്കെട്ടായി തീരുന്ന പാഠം'; ദുരന്ത ഭൂമിയായ വിലങ്ങാട് സന്ദര്‍ശിച്ച് മാര്‍ റാഫേല്‍ തട്ടില്‍

'പ്രകൃതി ദുരന്തങ്ങള്‍ ജാതി-മത ചിന്തകളില്ലാതെ മനുഷ്യര്‍ ഒറ്റക്കെട്ടായി തീരുന്ന പാഠം'; ദുരന്ത ഭൂമിയായ വിലങ്ങാട് സന്ദര്‍ശിച്ച് മാര്‍ റാഫേല്‍ തട്ടില്‍

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശിച്ചു. ജാതി-മത ചിന്തകളില്ലാതെ മനുഷ്യര്‍ ഒറ്റക്കെട്ടായി തീരുന്ന പാഠമാണ് പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്നതെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവികഛായ മനുഷ്യന് തിരികെ ലഭിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

വീട് നഷ്ടപ്പെട്ടവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് കെസിബിസിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കും. അത് മതാടിസ്ഥാനത്തില്‍ ആയിരിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായി നാടിനെ പടുത്തുയര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ക്കുന്ന മൂല്യാധിഷ്ഠിത സംസ്‌ക്കാരം നമുക്ക് ഉണ്ടാകട്ടെയെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവരും മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നു കേരളം ഇപ്പോഴും മുക്തമായിട്ടില്ലെങ്കിലും അതോടൊപ്പം ചേര്‍ത്തു വയ്ക്കാവുന്നതാണ് വിലങ്ങാട്ടുണ്ടായ ദുരന്തവും. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇതുവരെയും കാണാത്തതോ അനുഭവിക്കാത്തതോ ആയ അവസ്ഥയിലൂടെയാണ് വിലങ്ങാട്ടുകാര്‍ കടന്നുപോയത്. ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകളാണ് പ്രദേശത്തുണ്ടായത്. ദുരന്ത ഭീതിയില്ലാതെ ഉറങ്ങാന്‍ പോലും അവര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല.

തൊള്ളായിരത്തോളം പേരാണ് വിവിധയിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തങ്ങളുടെ പ്രിയ മാഷ് മാത്യുവിന്റെ വിയോഗം അവരെ ഏറെ വേദനിപ്പിക്കുന്നത് കൂടിയായിരുന്നു. വിലങ്ങാട് നൂറിലേറെ പ്രഭവ കേന്ദ്രങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നാണ് ഡ്രോണ്‍ സവേയില്‍ വ്യക്തമായത്. ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 120 ഓളം വീടുകള്‍ തകരുകയും ഏക്കറുകണക്കിന് കൃഷികള്‍ നശിക്കുകയും ചെയ്തു.

വയനാട് മുണ്ടകൈയിലുണ്ടായ സമാനതകളില്ലാത്ത ദുരന്ത പശ്ചാത്തലത്തില്‍ വിലങ്ങാടുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വേണ്ട രീതിയില്‍ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ 30 നാണ് വിലങ്ങാടിനെ പാടേ തകര്‍ത്തുകളഞ്ഞ ഉരുള്‍പൊട്ടലുണ്ടായത്. കുത്തിയൊലിച്ചുണ്ടായ മലവെള്ളപാച്ചിലില്‍ വിലങ്ങാട് പഞ്ചായത്തിന്റെ ഏതാണ്ട് നാലുകിലോമീറ്ററിലേറെ ദൂരത്ത് നാശംവിതച്ചു.

വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായമില്ലെങ്കിലും ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്. നാടിന്റെ വിരിമാറുപിളര്‍ന്നെത്തിയ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ എങ്ങോട്ട് പോകണമെന്നും എന്ത് ചെയ്യണമെന്നും അറിയാതെ ഇപ്പോഴും ആശങ്കയിലാണ്. ഉരുള്‍ തകര്‍ത്ത സ്ഥലം പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി മാറി. കാലങ്ങളായി കര്‍ഷകര്‍ കഠിനാദ്ധ്വാനത്തിലൂടെ പൊന്നു വിളയിച്ച ഭൂമിയടക്കം ഒരൊറ്റ രാത്രിയുടെ മറവിലാണ് ഇല്ലാതായത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവമായെങ്കിലും ഒരു ജീവായുസിന്റെ കഷ്ടപ്പാടിന്റെ ഫലമായി അവര്‍ പടുത്തുയര്‍ത്തിയതൊന്നും ഇന്ന് അവരുടെ പക്കലില്ല എന്നത് വേദനാജനകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.