ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ച 'വെളിച്ചത്തിലേക്കുള്ള തുരങ്കം'; എന്താണ് ഇന്തോനേഷ്യയിലെ 'ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്പ്'

ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ച 'വെളിച്ചത്തിലേക്കുള്ള തുരങ്കം'; എന്താണ് ഇന്തോനേഷ്യയിലെ 'ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്പ്'

ജക്കാര്‍ത്ത: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ തുടക്ക ദിവസം രാജ്യ തലസ്ഥാനമായ ജക്കാര്‍ത്തയിലെ 'ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്പി'ന്റെ കവാടത്തില്‍ വെച്ചാണ് മാര്‍പാപ്പയും ഇന്തോനേഷ്യയിലെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും ചേര്‍ന്ന് വിവിധ മത നേതാക്കളെ സ്വീകരിച്ചത്.

'വെളിച്ചത്തിലേക്കുള്ള തുരങ്ക'മെന്നാണ് 'ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്പി'നെ അപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. മതസൗഹാര്‍ദം അത്രമേല്‍ ഊട്ടി ഉറപ്പിക്കുന്ന ഒരു തുരങ്കം.

'ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്പ്'

തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ജക്കാര്‍ക്കത്തയിലെ ഇസ്തിഖ്‌ലാല്‍ മോസ്‌കിനേയും സെന്റ് മേരി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കമാണ് 'ടണല്‍ ഓഫ് ഫ്രണ്ട്ഷിപ്പ്'. 2020 ഡിസംബര്‍ 15 ന് ആരംഭിച്ച തുരങ്ക നിര്‍മാണം 2021 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്.


തുരങ്കത്തിന് 28.3 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ഉയരവും 4.1 മീറ്റര്‍ വീതിയുമുണ്ട്. ഹസ്തദാനം ചെയ്യുന്നതിന്റെ മാതൃകയിലാണ് തുരങ്കത്തിന്റെ ഉള്‍വശം രൂപകല്‍പന ചെയ്തിരുക്കുന്നത്. 226 ചതുരശ്ര മീറ്ററാണ് ഇതിന്റെ ആകെ വിസ്തീര്‍ണം. 37.3 ബില്യണ്‍ ഇന്തോനേഷ്യന്‍ റുപിയ ചിലവിട്ടാണ് സര്‍ക്കാര്‍ തുരങ്കം നിര്‍മിച്ചത്.

മതപരമായ അവധി ദിനങ്ങളിലും മറ്റ് ആഘോഷങ്ങളിലും രണ്ട് ആരാധനാലയങ്ങളിലേക്കും വിശ്വാസികള്‍ കുടുതലായി എത്തുമ്പോള്‍ ഉണ്ടാകുന്ന പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് തുരങ്കം നിര്‍മിച്ചത്. തുരങ്കത്തിലൂടെ ഇരു ഭാഗത്തേക്കും സഞ്ചരിച്ച് പള്ളിയുടെയും മോസ്‌കിന്റെയും പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിടാം എന്ന പ്രത്യേകതയുമുണ്ട്.


ഏഷ്യാ-പസഫിക് രാജ്യങ്ങളില്‍ നടത്തുന്ന 12 ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാര്‍പാപ്പ ഇന്തോനേഷ്യയിലെത്തിയത്. സംഘര്‍ഷങ്ങള്‍ക്ക് തിരി കൊളുത്താന്‍ മതത്തെ ഉപയോഗിക്കുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തോനേഷ്യയിലെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറും ഒരുമിച്ചു മുന്നറിയിപ്പു നല്‍കി. 'മാനവരാശിക്കായി മത സൗഹാര്‍ദം' എന്ന പ്രഖ്യാപനത്തില്‍ ഇരുവരും ഒപ്പിടുകയും ചെയ്തു.

ഇന്തോനേഷ്യയിലെ ആറ് അംഗീകൃത മതങ്ങളുടെ നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഐക്യത്തിന്റെ സന്ദേശമാണ് മാര്‍പാപ്പ നല്‍കിയത്.

'നാമെല്ലാവരും സഹോദരങ്ങളാണ്. ഏതു വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ഥാടകരാണ്'- അദേഹം പറഞ്ഞു. ജക്കാര്‍ത്തയിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ മാര്‍പാപ്പയര്‍പ്പിച്ച ദിവ്യബലിയില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.