അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ പി. ശശിക്കെതിരെ പരാമര്‍ശമില്ല; അന്വേഷണം സര്‍ക്കാര്‍ തലത്തില്‍ മാത്രമെന്ന് എം.വി ഗോവിന്ദന്‍

അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ പി. ശശിക്കെതിരെ പരാമര്‍ശമില്ല; അന്വേഷണം സര്‍ക്കാര്‍ തലത്തില്‍ മാത്രമെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍ അജിത് കുമാറിനുമെതിരെ പരാതി നല്‍കിയ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

അന്‍വറിന്റെ പരാതി ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ കുറിച്ച് പി.വി അന്‍വര്‍ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാര്‍ട്ടിക്ക് മുന്‍പാകെ ഉന്നയിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമര്‍ശങ്ങളൊന്നുമില്ല.

അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാര്‍ട്ടി നിലപാട്. അന്‍വര്‍ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിഷയം ഭരണ തലത്തില്‍ അന്വേഷിക്കേണ്ടതാണ്. സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പി.വി അന്‍വറിനെ കുറിച്ച് പണ്ട് മാധ്യമങ്ങടക്കം പറഞ്ഞത് എന്തൊക്കെയാണ് എന്നു ഒന്നുകൂടി പരിശോധിക്കണം. ഇപ്പോള്‍ ഒരവസരം ലഭിച്ചപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായാണ് അന്‍വറിനെ ചിലര്‍ കൂട്ടുപിടിക്കുന്നത്. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളുമാണ് ഇതിന് പിന്നില്‍. ആ ഉദ്ദേശ്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല. അക്രമ രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് ഈ വിഷയത്തെ ഉപയോഗിക്കുകയാണെന്ന് ഗോവിന്ദന്‍ ആരോപിച്ചു.

ഏതെങ്കിലും എഡിജിപിയെ മുന്നില്‍ നിര്‍ത്തി ബിജെപിയുമായി ബന്ധമുണ്ടാക്കേണ്ട കാര്യം സിപിഎമ്മിനില്ല. കേരള സിപിഎമ്മിനെ അജന്‍ഡ വച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതൃത്വമാണ് ആര്‍എസ്എസിന്റേത്. ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ശുദ്ധ കള്ളമാണെന്നും സിപിഎം നേതാവ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.