വയനാട് (കവിത)

വയനാട് (കവിത)

വയനാട്ടിലെ ചൂരൽമലയും
വെള്ളരിമലയും ഇനിയില്ല....
ഇനി കിളി പാടും പാട്ടുകളില്ല
മലമേലെ മരച്ചില്ലയിൽ
ചേക്കേറിയ കിളികളെല്ലാം
അകലേക്ക് പറന്നു പോയി.

വയനാട്ടിലെ ചൂരൽമലയിൽ
ഇനി കാടിൻ ചൂളം വിളിയില്ല
മലമേലെ ഉയർന്നു നിന്ന
മരങ്ങളെല്ലാമൊലിച്ചുപോയി
തേനൂറും തേൻ കൂടുകളില്ല
മൂളിപ്പാടിയച്ചീവീടുകളില്ല
മലമുഴക്കിയ വേഴാമ്പലുമില്ല.

മേഞ്ഞുനടന്നോരാനക്കൂട്ടം
മുമ്പേ വേഗം മലയിറങ്ങിപ്പോയി,
പെരുമഴയിൽ മലയലിഞ്ഞ്
ഉരുൾപൊട്ടിയലറിപ്പാഞ്ഞ്
മലയൊന്നായ് കുതിച്ചൊഴുകി
തകർത്തെറിഞ്ഞു സ്നേഹത്തിൻ
താളം തീർത്തൊരു കൂടാരങ്ങൾ,
നീർ പോളകളാം ജീവിതമെല്ലാം
ചെളിനീരിൽ തകർന്നു ചിതറി,
മുണ്ടക്കൈ ദുരിതപ്പുഴയായി
പുഴയിൽ ഒഴുകിപ്പോയോരും
ചെളിയിൽ ചിതറി മരിച്ചോരും
നമ്മുടെ സോദരരെന്നറിയേണം
നമ്മുടെ കൈകൾ താങ്ങാവേണം.

വയനാട്ടിലെ ചൂരൽമലയിലും
വെള്ളരിമലയിലും ചേക്കേറാൻ
പാട്ടുകൾ പാടാൻ പറവകളും
തേൻ നിറയും കൂട് തീർക്കാൻ
തേനീച്ചകളും മരംചാടി നടക്കും
മർക്കടനും ചെമ്പൻ മലയണ്ണാനും
കൂട്ടമായ് വേഗം വന്നീടേണം..

ചീവീടുകൾ മൂളീടേണം മണ്ണിൽ
പുതുനാമ്പുകൾ മുളച്ചീടേണം..
നാം ഈ മണ്ണിനെ കാക്കാനുള്ള
കാവൽക്കാരെന്നറിയേണം...
അറിയേണം നാം ദുര മാറ്റേണം,
ഈ മണ്ണിൽ നിന്നും ഒരുനാൾ
വെറും കൈയ്യോടെ മടങ്ങാനാ-
യെത്തിയ വെറും യാത്രികരല്ലോ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.